വേണ്ടായിരുന്നു ഈ പരീക്ഷണം

കണ്ണൂര്‍: ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള കടമ്പകള്‍ കണ്ണൂരില്‍ ആളുകളെ വട്ടംചുറ്റിക്കുകയാണ്. നടപടിക്രമങ്ങള്‍ എല്ലായിടത്തും ഒരുപോലെയാണെങ്കിലും ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് സൗകര്യമൊരുക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് ദുരിതമാകുന്നത്. വന്‍ പ്രയാസമാണ് ഇതുകാരണം ലൈസന്‍സ് തേടിയത്തെുന്നവര്‍ അനുഭവിക്കുന്നത്. ലേണേഴ്സ് ലൈസന്‍സ് എടുക്കുന്നതു മുതല്‍ ലൈസന്‍സ് ലഭിക്കുന്നതുവരെ വിവിധ ഘട്ടങ്ങളിലായി കുറഞ്ഞത് 15 മണിക്കൂറെങ്കിലും ആളുകള്‍ ക്യൂവില്‍ നില്‍ക്കേണ്ടിവരുകയാണ്. ഇതിനിടയില്‍ ഡ്രൈവിങ് ക്ളാസിനു വേണ്ടിയുള്ള ക്യൂ വേറെയും. ആര്‍.ടി ഓഫിസില്‍ രാവിലെ 9.30 മുതലാണ് ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നതിനുള്ള ടെസ്റ്റുകള്‍ നടക്കുന്നത്. ക്യൂവില്‍ ആദ്യമത്തെണമെങ്കില്‍ ചുരുങ്ങിയത് പുലര്‍ച്ചെ ആറിനെങ്കിലും ഹാജരാവണം. അവസരം നഷ്ടമാവാതിരിക്കാന്‍ ആളുകള്‍ ആറിനു മുമ്പുതന്നെ ക്യൂ നില്‍ക്കുന്നുണ്ട്. ഒമ്പതാകുമ്പോഴേക്കും ക്യൂ നീണ്ടുവളഞ്ഞ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന്‍െറ മുന്നിലൂടെ പ്ളാനിങ് ഓഫിസിന്‍െറ മുറ്റത്തുവരെ എത്തും. ഏറ്റവും ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും ക്യൂവില്‍ നിന്നാല്‍ മാത്രമേ അപേക്ഷാഫോറം ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ കഴിയൂ. ഫോറം നല്‍കിയാല്‍ ടെസ്റ്റിനുള്ള അവസരം കാത്ത് ഒരു മണിക്കൂറെങ്കിലും പിന്നെയും നില്‍ക്കണം. ടെസ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും നാലു മണിക്കൂര്‍ പിന്നിട്ടിരിക്കും. ക്യൂ ഇവിടെ അവസാനിക്കുന്നില്ല. ലേണേഴ്സ് പാസായാലും ടെസ്റ്റിനുള്ള തീയതി നിശ്ചയിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ബോധവത്കരണ ക്ളാസില്‍ ഇരിക്കണം. ‘ക്ളാസില്‍ ഇരിക്കണം’ എന്നാണ് പറച്ചിലെങ്കിലും കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല. ആര്‍.ടി.ഒ ഓഫിസിനോടു ചേര്‍ന്നുള്ള ചെറിയ ഹാളിലാണ് ക്ളാസ്. കഷ്ടിച്ച് 50 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം മാത്രമേ ഇവിടുള്ളൂ. എന്നാല്‍, 250ലധികം ആളുകളെയാണ് ഒരു ക്ളാസില്‍ കയറ്റുന്നത്. അതും ആദ്യം ക്യൂവില്‍ എത്തുന്നവരെ. ക്ളാസിലിരിക്കാതെ ടെസ്റ്റിന് യോഗ്യത കിട്ടില്ളെന്നതിനാല്‍ പുലര്‍ച്ചെ തന്നെ ആളുകള്‍ വന്ന് കാത്തുകെട്ടിക്കിടക്കും. മണിക്കൂറുകള്‍ കഴിഞ്ഞ് ക്ഷീണിച്ച് തളര്‍ന്നു വീഴാറാവുന്ന അവസ്ഥയിലാണ് ക്ളാസിലേക്ക് കയറുക. ആദ്യത്തെ 50ഓളം പേര്‍ ഭാഗ്യവാന്മാരായി കസേരയില്‍ ഇരിക്കും. മറ്റുള്ളവര്‍ ഹാളിന്‍െറ വശങ്ങളിലെങ്ങാന്‍ നില്‍ക്കണം. അഞ്ചിരട്ടിയിലധികം ആളുകള്‍ എത്തുന്നതിനാല്‍ മണല്‍ത്തരിയിട്ടാല്‍ പോലും താഴെവീഴില്ല. എതാണ്ട്, വാഗണ്‍ ട്രാജഡിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ രണ്ടുമണിക്കൂറോളം ക്ളാസില്‍ നില്‍ക്കണം. ഇതിനിടയില്‍ തലകറങ്ങി വീഴുന്നവര്‍ക്ക് നേരത്തേ സീറ്റ് ലഭിച്ചവര്‍ എഴുന്നേറ്റ് സൗകര്യം നല്‍കും. ക്ളാസ് കഴിഞ്ഞ് പരിശീലനത്തിനുശേഷം ടെസ്റ്റിന് ചെല്ലുമ്പോഴും ഇതേ ക്യൂ ആവര്‍ത്തിക്കും. മണിക്കൂറുകള്‍ ക്യൂ നിന്നാലേ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. നിന്ന് ക്ഷീണിച്ച് ടെസ്റ്റില്‍ പങ്കെടുത്തത് പരാജയപ്പെടുന്നവരും ഏറെ. ലൈസന്‍സെടുക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ ഇതേ വഴിയുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍, ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ അപേക്ഷ നല്‍കുന്ന സമയത്ത് നിശ്ചിത സമയം നിശ്ചയിച്ച് നല്‍കുകയോ ചെയ്താല്‍ ഈ ദുരിതം ഒഴിവാക്കാന്‍ കഴിയും. ഈ വഴിക്കൊന്നും ചിന്തിക്കാതെ ലൈസന്‍സ് ടെസ്റ്റ് പീഡനമാക്കുകയാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.