ഭൂമി ഏറ്റെടുക്കലിന് ഊര്‍ജിത നടപടി

കണ്ണൂര്‍: ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിനായി കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നടക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി പൊതുമരാമത്ത് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജില്ലയില്‍ ഇതിനകം മൂന്ന് ഡി വിജ്ഞാപനം ഇറക്കിയ 104 ഹെക്ടര്‍ ഭൂമിയില്‍ വ്യക്തിഗത കൈവശസ്ഥലങ്ങള്‍ അളന്ന് മഹസര്‍ തയാറാക്കുന്ന നടപടി പുരോഗമിച്ചുവരുകയാണെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി യോഗത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടുത്തമാസത്തോടെ പൂര്‍ത്തീകരിക്കുന്നതിന് പ്രവര്‍ത്തനപദ്ധതിക്ക് രൂപംനല്‍കിയിട്ടുണ്ട്. വില്ളേജ്തലത്തില്‍ പ്രത്യേക ആക്ഷന്‍ പ്ളാന്‍ തയാറാക്കിയാണ് നടപ്പാക്കുന്നത്. ഇതോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിക്കും അവിടെയുള്ള കെട്ടിടങ്ങള്‍, മരങ്ങള്‍ തുടങ്ങിയവക്കും വിലയിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ഇതിനു പുറമെ ജില്ലയില്‍ ഏറ്റെടുക്കേണ്ട 148 ഹെക്ടര്‍ ഭൂമിക്ക് മൂന്ന് എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ദേശീയപാത അതോറിറ്റിക്ക് കത്തയച്ചിട്ടുണ്ട്. വിജ്ഞാപനം ഇറങ്ങുന്ന മുറക്ക് സര്‍വേ നടപടി ആരംഭിക്കും. സ്ഥലമേറ്റെടുപ്പ് പുരോഗതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫീല്‍ഡ് ഉദ്യോഗസ്ഥരില്‍നിന്ന് അപ്പപ്പോള്‍ ലഭിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഒക്ടോബര്‍ മാസത്തോടെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അഡീ. ചീഫ് സെക്രട്ടറി പറഞ്ഞു. സ്ഥലമേറ്റെടുപ്പിന് ആവശ്യമായ പണത്തിന്‍െറ ഏകദേശ കണക്ക് അതോറിറ്റിക്ക് ഉടന്‍ കൈമാറാനും അദ്ദേഹം നിര്‍ദേശിച്ചു. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.വി. ഗംഗാധരന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ-എന്‍.എച്ച്) പി.വി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.