പാപ്പിനിശ്ശേരി: ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നവരോട് ചിറ്റമ്മ നയമെന്ന് ആക്ഷേപം. കണക്കെടുപ്പില്‍ വിട്ടുപോയവരെയും കൂട്ടിച്ചേര്‍ക്കേണ്ടവരെയും ഉള്‍പ്പെടുത്താന്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്വകാര്യ കമ്പനി അടിമകളെ പോലെ ജോലി ചെയ്യിക്കുന്നതായാണ് പരാതി. സംസ്ഥാന സര്‍ക്കാര്‍ ദിവസവേതനമായി 675 രൂപ നിശ്ചയിച്ചിട്ടും 200 -250 രൂപ മാത്രമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഡാറ്റാ എന്‍ട്രിക്കാരുടെ പേരില്‍ വന്‍ തുക തട്ടിയെടുക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിന് അധികൃതര്‍ ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്. 2011ലെ ജനസംഖ്യ കണക്കെടുപ്പില്‍ ഉള്‍പ്പെടാത്തവരുടെയും സ്ഥലം മാറിപ്പോയവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ജോലികള്‍ 2015 ഡിസംബറിലാണ് പൂര്‍ത്തീകരിച്ചത്. ഇതിനായി സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ എന്യൂമറേറ്റര്‍മാരായി നിയമിച്ചിരുന്നു. ഇവര്‍ ശേഖരിച്ച വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്ന ജോലികളാണ് ഇപ്പോള്‍ സംസ്ഥാനത്തെ താലൂക്ക്, മുനിസിപ്പല്‍ ആസ്ഥാനങ്ങളില്‍ നടക്കുന്നത്. പാലക്കാട്ടുള്ള സ്വകാര്യ കമ്പനിക്കാണ് ഡാറ്റാ എന്‍ട്രി നടത്താനുള്ള ചുമതല. ഇവര്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചാണ് ജോലി നടത്തുന്നത്. ശേഖരിച്ച വിവരങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍, ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്താനുള്ള ഭാരിച്ച ജോലിയും ഉത്തരവാദിത്തവുമാണ് ഡാറ്റാ എന്‍ട്രി ചെയ്യുന്നവര്‍ക്കുള്ളത്. ദിവസം ചുരുങ്ങിയത് 500ഓളം ഡാറ്റയെങ്കിലും രേഖപ്പെടുത്തുകയും മൂന്നു ദിവസത്തിനുള്ളില്‍ ഒരു ബ്ളോക്കിന്‍െറ ജോലി പൂര്‍ത്തീകരിക്കുകയും വേണം. കണ്ണൂര്‍ ജില്ലയില്‍ 5821 എന്യൂമറേഷന്‍ ബ്ളോക്കുകളിലായി 24,61,692 പേരുടെ വിവരങ്ങളാണ് എന്‍.പി.ആര്‍ അപ്ഡേഷനില്‍ ശേഖരിച്ചിരിക്കുന്നത്. ഇതിന് 180 പേരെ നിയമിക്കാമെന്ന് സെന്‍സസ് ഡയറക്ടറുടെ നിര്‍ദേശമുണ്ട്. എന്നാല്‍, കേവലം 100 പേരെ കൊണ്ട് ചുരുങ്ങിയ കൂലി നല്‍കി ജോലിചെയ്യിക്കുകയാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.