തലശ്ശേരി: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റ് ഗുരുതര പരിക്കേറ്റു. കായ്യത്ത് റോഡിലെ ചെറിയ വാളോത്ത് അഫ്നാസി(24)നാണ് കുത്തേറ്റത്. ദേഹമാസകലം പരിക്കേറ്റ അഫ്നാസിനെ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂക്ക് ശേഷം തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ജനറല്‍ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. അഫ്നാസിനെതിരെ നടന്ന അക്രമം തടയാന്‍ ശ്രമിച്ച ധര്‍മടം സ്വദേശി അറഫാത്ത് ക്വാര്‍ട്ടേഴ്സില്‍ റിഷാദി(24) നും പരിക്കേറ്റു. റിഷാദിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ അഫ്നാസ് ഓട്ടോ ഡ്രൈവറാണ്. അക്രമം നടത്തിയെന്ന് സംശയിക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. മൂപ്പന്‍സ് റോഡിലെ ലഹരി ഉല്‍പന്ന വില്‍പന ചോദ്യം ചെയ്തതിലെ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. മൂപ്പന്‍സ് റോഡില്‍ ലഹരി ഉല്‍പന്ന വില്‍പന വ്യാപകമാണെന്ന് നാട്ടുകാര്‍ക്കിടയില്‍ നേരത്തേ പരാതിയുണ്ട്. സംഭവത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രി പരിസരത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.