ചെയ്ത ജോലി വീണ്ടും ചെയ്യണമെന്ന്; ബി.എല്‍.ഒമാര്‍ ബഹിഷ്കരണത്തിലേക്ക്

കണ്ണൂര്‍: ഒരിക്കല്‍ പൂര്‍ത്തിയാക്കിയ ജോലി വീണ്ടും ചെയ്യണമെന്ന അശാസ്ത്രീയ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ജോലി ബഹിഷ്കരിക്കാന്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒ) ഒരുങ്ങുന്നു. 2016 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് പറഞ്ഞാണ് പുതുതായി വിവര ശേഖരണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ വോട്ടര്‍മാരെയും നേരില്‍ കണ്ടാണ് ഫോട്ടോയടക്കം ശേഖരിച്ച് ഡാറ്റാ ഷീറ്റ് സമര്‍പ്പിച്ചത്. എന്നാല്‍, വീണ്ടും ശേഖരിക്കണമെന്ന നിര്‍ദേശം ബി.എല്‍.ഒമാരുടെ മനുഷ്യാവകാശത്തോടുള്ള വെല്ലുവളിയാണെന്നാണ് ആക്ഷേപം. ഒരു നിയമസഭാ മണ്ഡലത്തില്‍ 150ഓളം ബി.എല്‍.ഒമാരാണ് വിവരശേഖരണം നടത്തിയത്. ഇതേ ആവശ്യമുന്നയിച്ച് വീണ്ടും ജനത്തെ സമീപിച്ചാലുയര്‍ന്നേക്കാവുന്ന പ്രതിഷേധവും കണക്കിലെടുത്താണ് ബി.എല്‍.ഒമാരുടെ ബഹിഷ്കരിക്കാനുള്ള തീരുമാനം. മുമ്പ് ഡാറ്റാ ഷീറ്റ് ശേഖരിച്ച വകയില്‍ ലഭിക്കേണ്ട വേതനം നല്‍കാതെയും ഡ്യൂട്ടി ലീവ് അനുവദിക്കാതെയുമാണ് വീണ്ടും അതേ പ്രവൃത്തി ഏല്‍പിക്കുന്നത്. ഇതോടൊപ്പം, നേരത്തേ ശേഖരിച്ച ഫോട്ടോകളും വിവരങ്ങളും തിരിച്ചേല്‍പിക്കുക, ബി.എല്‍.ഒമാരുടെ പ്രതിവര്‍ഷ വേതനം 20,000 രൂപയായി ഉയര്‍ത്തുക, ഒരു ഡാറ്റാ ഷീറ്റ് ശേഖരണത്തിന് കുറഞ്ഞത് 10 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കൂടി ഉന്നയിച്ച് ബി.എല്‍.ഒമാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി. അവധിക്കാലത്ത് വേതനമില്ലാതെ ചെയ്ത ജോലി വീണ്ടും ചെയ്യുന്നതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണത്തിന് തീരുമാനമെടുത്തതെന്ന് ബി.എല്‍.ഒ പ്രതിനിധി സി.പി. റീജുരാജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.