ചെറുകിട കര്‍ഷകരെ ഒഴിവാക്കാന്‍ നീക്കമെന്ന് ആക്ഷേപം

കേളകം: കശുമാവ് വികസനപദ്ധതി പ്രകാരം ആറളംഫാമില്‍നിന്ന് സബ്സിഡി നിരക്കില്‍ വിതരണംചെയ്യേണ്ട കശുമാവിന്‍തൈകളുടെ വിതരണത്തില്‍നിന്ന് ചെറുകിട കര്‍ഷകരെ ഒഴിവാക്കാന്‍ നീക്കം. കശുമാവ് വികസന ഏജന്‍സി മുഖാന്തരം ജില്ലയില്‍ ലക്ഷം തൈകളാണ് ഇത്തവണ വിതരണംചെയ്യേണ്ടത്. ചെറുകിട കര്‍ഷകര്‍ക്ക് സൗജന്യമായി ലഭ്യമാക്കേണ്ട തൈകള്‍ ഫാമില്‍ വിതരണത്തിനായി തയാറായിട്ടുണ്ടെങ്കിലും ഇതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് സ്വീകരിച്ച നടപടിയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൊല്ലം ജില്ലയിലെ കശുമാവ് വികസന ഏജന്‍സിയുടെ ഓഫിസിലേക്ക് അപേക്ഷ അയക്കണമെന്ന പുതിയ നിര്‍ദ്ദേശമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. കൃഷിഭവന്‍ മുഖാന്തരം അപേക്ഷ നല്‍കിയവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ തൈകള്‍ നല്‍കുകയായിരുന്നു പതിവ്. ഇതിനായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകളില്‍ അപേക്ഷാഫോറങ്ങളും നേരത്തെ എത്തിക്കുമായിരുന്നു. കൊല്ലത്തേക്ക് അപേക്ഷ ക്ഷണിച്ചതോടെ ആദിവാസികള്‍ ഉള്‍പ്പെയുള്ളവര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും അപേക്ഷിക്കാന്‍ പറ്റാതായിരിക്കുകയാണ്. ഇത്തവണ തൈവിതരണം ഉണ്ടാകില്ളെന്നുകരുതി പലരും ഉയര്‍ന്ന വില നല്‍കി സ്വകാര്യ ഫാമുകളില്‍നിന്ന് തൈവാങ്ങിയിരുന്നു. കശുമാവ് വികസനപദ്ധതി പ്രകാരം തൈകള്‍ സൗജന്യമായി ലഭിക്കുന്നതോടൊപ്പം വളപ്രയോഗത്തിനും പരിചരണത്തിനുമായി തൈ ഒന്നിന് 60 രൂപ പ്രകാരമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. ചെറുകിട കര്‍ഷകരെ ഒഴിവാക്കുന്നതിലൂടെ വന്‍കിട തോട്ടം ഉടമകള്‍ക്ക് തൈകള്‍ നല്‍കാനുള്ള രഹസ്യനീക്കമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.