ബൈക്കിടിച്ച് കവര്‍ച്ച: പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു

തൃക്കരിപ്പൂര്‍: തങ്കയത്തെ പ്ളാറ്റിനം ഫ്യുവല്‍സ് ഉടമ എ. രാമകൃഷ്ണനെ ബൈക്കിടിച്ച് ആക്രമിച്ച് 3.16 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ വ്യാഴാഴ്ച തെളിവെടുപ്പിനായി കൊണ്ടുവന്നു. കവര്‍ച്ച നടന്ന കുണിയന്‍ പാലത്തിന് സമീപത്താണ് പ്രതികളെ എത്തിച്ചത്. പയ്യന്നൂര്‍ തായിനേരിയിലെ മുഹമ്മദ് ഷവാദ് ഖാന്‍ (19), മംഗളൂരു ബണ്ട്വാള്‍ ബി.സി റോഡ് സ്വദേശി ഉബൈദ് (20), രാമന്തളി സ്വദേശി മിഥുന്‍ കൃഷ്ണന്‍ (24) എന്നിവരെയാണ് നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിന് കൊണ്ടുവന്നത്. മരമില്ലിന് സമീപത്തെ വളവില്‍ രാമകൃഷ്ണനെ ആക്രമിച്ച സ്ഥലവും പണവും സ്കൂട്ടറും തട്ടിയെടുത്ത ശേഷം വയലിലേക്ക് തള്ളിയിട്ട സ്ഥലവും പ്രതികള്‍ കാണിച്ചുകൊടുത്തു. തട്ടിയെടുത്ത ബാഗില്‍നിന്ന് കിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ച ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളിലും പ്രതികളെ കൊണ്ടുപോയി. രാമകൃഷ്ണനും പൊലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പ്രതികളെ ഇദ്ദേഹം തിരിച്ചറിഞ്ഞു. കസ്റ്റഡിയില്‍ വിട്ടുതരണമെന്ന സി.ഐയുടെ അപേക്ഷ പരിഗണിച്ച് രണ്ടു ദിവസത്തേക്കാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകീട്ടോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. ആഗസ്റ്റ് രണ്ടിന് രാത്രി 11 മണിയോടെയാണ് കടയടച്ചു വീട്ടിലേക്കു പോവുകയായിരുന്ന രാമകൃഷ്ണനെ ബൈക്കില്‍ പിന്തുടര്‍ന്നത്തെിയ മൂന്നംഗ സംഘം കൊള്ളയടിച്ചത്. ഇവരില്‍ നിന്ന് 1,44,300 രൂപയും കണ്ടെടുത്തിരുന്നു. സംഘത്തിന്‍െറ ബൈക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിന്നീട് വീണ്ടെടുത്തു. രാമന്തളി സ്വദേശിയും മിഥുന്‍കൃഷ്ണന്‍െറ സഹോദരനുമായ യദുകൃഷ്ണന്‍ (28), തൃക്കരിപ്പൂര്‍ പൊറോപ്പാട് സ്വദേശി മുബാറക്(19) എന്നിവരെയും കേസില്‍ അറസ്റ്റുചെയ്തിരുന്നു. കൊള്ളയടിച്ചതില്‍ ബാക്കി തുക ഉപയോഗിച്ച് സാധനങ്ങളും വസ്ത്രവും വാങ്ങിയ കടകളില്‍ ഇനി തെളിവെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.