മാഹി: കിട്ടാനുള്ളത് കിട്ടാതെയും കൊടുക്കാനുള്ളത് കൊടുക്കാനാവാതെയും മാഹിയിലെ സഹകരണസംഘം പ്രതിസന്ധിയില്‍. 1956ല്‍ മാഹിയിലെ പ്രഥമ സഹകരണസംഘമായി പ്രവര്‍ത്തനമാരംഭിച്ച മാഹി എംപ്ളോയീസ് കോഓപറേറ്റിവ് സ്റ്റോറിന് മാഹിയില്‍ വന്‍ വ്യാപാരശൃംഖലതന്നെയുണ്ടായിരുന്നു. ഇന്ന് അതിജീവനത്തിനായി പൊരുതുകയാണ്. 14 റേഷന്‍കടകള്‍, ഗൃഹോപകരണ ഷോറൂം, ടെക്സ്റ്റൈല്‍ ഷോപ്, കോഫി ഷോപ് ഉള്‍പ്പെടെ 18 കടകള്‍ മാഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എട്ടു സ്ഥിരം ജീവനക്കാരും ഒരു താല്‍ക്കാലിക ജോലിക്കാരനുമായി നാലു റേഷന്‍കടകള്‍ മാഹി കണ്‍സ്യൂമര്‍ കോഓപറേറ്റിവ് സൊസൈറ്റിയാണ് നടത്തുന്നത്. ദേശീയപാതയില്‍ ആശുപത്രി ജങ്ഷനില്‍ സ്വന്തമായി ഷോപ്പിങ്ങ് കോംപ്ളക്സും പള്ളൂര്‍ ടൗണില്‍ സ്വന്തമായി അഞ്ചു സെന്‍റ് ഭൂമിയും ഈ സംഘത്തിനുണ്ട്. മാഹിയിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മണ്ണെണ്ണവിതരണത്തിനുള്ള അംഗീകൃത ഏജന്‍സിയും ഇവര്‍ക്കുണ്ട്. മാഹിമേഖലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഉച്ചഭക്ഷണത്തിനുള്ള ധാന്യങ്ങളും പച്ചക്കറിയും മുട്ടയും വിതരണം ചെയ്യുന്നതും രാജീവ് ഗാന്ധി പ്രഭാത ഭക്ഷണപദ്ധതിയുടെ വിതരണച്ചുമതല നിര്‍വഹിക്കുന്നതും ഈ സഹകരണ സ്ഥാപനമാണ്. പൊങ്കല്‍ കിറ്റ് വിതരണം ചെയ്യുന്നതിന് പുറമേ വിശേഷദിവസങ്ങളില്‍ ചന്തകള്‍ നടത്തിവരുന്നതിലൂടെ പൊതുവിപണിയില്‍ വിലക്കയറ്റം ചെറുക്കാന്‍ ഈ സ്ഥാപനം വഹിക്കുന്ന പങ്ക് വലുതാണ്. എന്നിട്ടും, പിടിച്ചുവില്‍ക്കാന്‍ പെടാപ്പാട് പെടുകയാണ്. മുമ്പ് 63 ജീവനക്കാരുണ്ടായിരുന്നത് 48 ആയും ഇപ്പോഴത് 28 പേരുമായി ചുരുങ്ങി. സൊസൈറ്റിയിലെ ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ല. ഇതുകാരണം ജോലിക്കാര്‍ മറ്റു തൊഴിലുകള്‍ അന്വേഷിച്ച് പോവുകയാണ്. ജീവനക്കാരില്ലാത്തതുമൂലം റേഷന്‍കടകള്‍ തുറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. പലചരക്ക് വാങ്ങിയ വകയില്‍ 33 ലക്ഷത്തോളം രൂപ സ്വകാര്യ മൊത്ത വിതരണക്കാര്‍ക്ക് ഇവര്‍ നല്‍കാനുണ്ട്. 16 ലക്ഷത്തിലേറെ രൂപ സഹകരണ സംഘത്തിന് ലഭിക്കാനുമുണ്ട്. മാഹി വിദ്യാഭ്യാസ അധികൃതര്‍ ഒമ്പതു ലക്ഷവും ലേബര്‍ വെല്‍ഫെയര്‍ വകുപ്പ് നാലര ലക്ഷവും മാഹി ഭരണസമിതി അരലക്ഷവും ഹാന്‍ഡ്ലിങ് ചാര്‍ജായി പാപ്സ്കോ രണ്ടു ലക്ഷവും സൊസൈറ്റിക്ക് നല്‍കാനുണ്ട്. ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും സര്‍ക്കാറില്‍നിന്ന് അടിയന്തരമായി ലഭിച്ചാലേ സ്ഥാപനത്തിന് നിവര്‍ന്നുനില്‍ക്കാനാവുകയുള്ളൂ. പുതുച്ചേരിയിലേതുപോലെ ബി.പി.എല്‍കാര്‍ക്കുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഗ്യാസ് ഏജന്‍സി മാഹിയിലും അനുവദിച്ചാല്‍ നടത്താമെന്നാണ് പാപ്സ്കോയുടെയും മാഹി എംപ്ളോയീസ് കോഓപറേറ്റിവ് സൊസൈറ്റിയുടെയും നിലപാട്. എ.വി. ശ്രീധരന്‍ പള്ളൂര്‍ എം.എല്‍.എയായിരുന്ന സമയത്ത് ഇങ്ങനെയൊരു നീക്കം നടന്നതായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.