അഴീക്കലിന് പുതുപ്രതീക്ഷ

കണ്ണൂര്‍: യാഥാര്‍ഥ്യമാവാന്‍ പോകുന്ന വിമാനത്താവളത്തിന്‍െറയും തുറമുഖത്തിന്‍െറയും വസന്ത കാഹളമായി അഴീക്കലില്‍ ഒന്നര വര്‍ഷത്തിന് ശേഷം കപ്പലടുത്തു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിറകടിശബ്ദം കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ പാസഞ്ചര്‍ ടെര്‍മിനലിലേക്കുള്ള ചൈനയില്‍ നിന്നുള്ള കൂറ്റന്‍ എയറോബ്രിഡ്ജുകളുമായാണ് 756 ടണ്‍ ഭാരമുള്ള ‘ഗ്രേറ്റ് സീ വെമ്പനാട്’ അഴീക്കല്‍ തുറമുഖത്ത് നങ്കൂരമിട്ടത്. കൊച്ചിയില്‍നിന്ന് ചൊവ്വാഴ്ച രാവിലെ പുറപ്പെട്ട കപ്പല്‍ ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ അഴീക്കല്‍ പുറംകടലില്‍ എത്തിയിരുന്നു. ഒന്നരവര്‍ഷത്തോളമായി ഗതാഗത പരീക്ഷണം മുടങ്ങിയിരുന്ന അഴീക്കലില്‍ തുറമുഖ ചാനലിലേക്ക് പ്രവേശിച്ച കപ്പല്‍ 40 മിനിറ്റിനകം തന്നെ വാര്‍ഫിലേക്ക് അടുപ്പിക്കാനായി. വിമാനത്താവളത്തിലേക്കുള്ള 35 ടണ്‍ ഭാരമുള്ള മൂന്ന് എയറോബ്രിഡ്ജുകളാണ് കപ്പലില്‍ എത്തിയത്. അടുത്ത ദിവസം തന്നെ ഇവ മൂര്‍ഖന്‍പറമ്പിലേക്ക് എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2015 ഏപ്രിലില്‍ അഴീക്കല്‍ തുറമുഖത്ത് കണ്ടെയ്നറുകളുമായി ഇതേ കപ്പല്‍ എത്തിയിരുന്നു. അഴീക്കല്‍ തുറമുഖം ഇന്നത്തെ നിലയില്‍ പരിഷ്കരിച്ചതിനുശേഷം 11 തവണ ഇടത്തരം കപ്പലുകള്‍ വന്നിരുന്നു. ‘സില്‍ക്കി’ന്‍െറ കപ്പല്‍പൊളിശാലയില്‍ പൊളിക്കാനുള്ള കപ്പലുകള്‍ വന്നിരുന്ന അഴീക്കല്‍ തുറമുഖം ശരിയായ കപ്പല്‍സഞ്ചാര കേന്ദ്രമാകുന്നതിന്‍െറ തുടക്കമാണിതെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ‘മാധ്യമ’ത്തോട് പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് തങ്ങേണ്ടതുള്ളതുകൊണ്ടാണ് കപ്പല്‍ വരുന്ന ദിവസം ഇന്നലെ താന്‍ കണ്ണൂരിലില്ലാതിരുന്നതെന്നും കൂടുതല്‍ കപ്പലുകള്‍ തുറമുഖത്ത് എത്തിച്ചേരുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കപ്പല്‍ തുറമുഖത്ത് അടുത്തത്. അഴിമുഖത്ത് ഒറ്റപ്പെട്ട മണല്‍തിട്ടകളില്‍ ഉരസിയെങ്കിലും പൊതുവേ കപ്പലിന് കടന്നുവരാവുന്ന ആറ് മീറ്റര്‍ ചാനല്‍ വഴി സുഗമമായാണ് തുറമുഖത്തേക്ക് പ്രവേശിച്ചതെന്ന് ക്യാപ്റ്റന്‍ തമിഴ്നാട് സ്വദേശി തായുമാനവന്‍ പറഞ്ഞു. കപ്പല്‍തുറമുഖ സാങ്കേതിക സിഗ്നല്‍ സംവിധാനത്തിന്‍െറ പരിമിതിയുണ്ടെങ്കിലും ട്രാഫിക് അനായാസകരമായിരുന്നുവെന്നും ക്യാപ്റ്റന്‍ പറഞ്ഞു. കോഴിക്കോട് റീജനല്‍ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ എം.സുധീര്‍ കുമാര്‍, യു. ബാബുഗോപിനാഥ്, കെ.സി.സോമന്‍ നമ്പ്യാര്‍ തുടങ്ങിയവരും കപ്പലിനെ സ്വീകരിക്കാനത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.