താല്‍ക്കാലിക തൊഴിലാളികള്‍ ശമ്പളം ബഹിഷ്കരിച്ചു

കേളകം: ആറളം ഫാമില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഫാം വര്‍ക്കേഴ്സ് യൂനിയന്‍െറ(സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരം 10 ദിനം പിന്നിട്ടതിന്‍െറ ഭാഗമായി ഇന്നലെ മുതല്‍ 112 താല്‍ക്കാലിക തൊഴിലാളികള്‍ ശമ്പളം ബഹിഷ്കരിച്ചു. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം പട്ടികവര്‍ഗ ക്ഷേമമന്ത്രി എ.കെ. ബാലനുമായി സമര സമിതി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് മാനേജ്മെന്‍റില്‍നിന്നും ജില്ലാ കലക്ടറില്‍നിന്നും മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്ന പരിഹാരമാവാത്തതിനാലാണ് തൊഴിലാളികള്‍ ശമ്പളം ബഹിഷ്കരിച്ചത്. ധനമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് സമരസമിതി നേതാക്കളായ ബിനോയി കുര്യന്‍, കെ.കെ. ജനാര്‍ദനന്‍, എന്‍.ഐ. സുകുമാരന്‍ തുടങ്ങിയവര്‍ക്ക് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇത് ഉടന്‍ നടപ്പാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 112 തൊഴിലാളികളെ സ്ഥിരപ്പെടുത്താനും 33 തൊഴിലാളികളെ പ്ളാന്‍േറഷനില്‍നിന്നും കൃഷി വിഭാഗത്തിലേക്ക് മാറ്റാനുമുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിനും മുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വേണ്ടിയാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. ഇന്നലെ സമര പരിപാടികള്‍ കെ.ബി. ഉത്തമന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. രാമചന്ദ്രന്‍, കെ.കെ. ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അതേസമയം, വരുമാനം കുറഞ്ഞ് നഷ്ടക്കയത്തിലായ ഫാമിനെ രക്ഷിക്കാനുള്ള സര്‍ക്കാറിന്‍െറ ഇടപെടല്‍ വൈകുന്നതും അടക്കടിയുണ്ടാവുന്ന സമരങ്ങളും ആറളം ഫാമിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടാവുന്നതല്ലാതെ സാമ്പത്തിക സഹായം ലഭിക്കുന്നില്ളെന്ന് ഫാമിങ് കോര്‍പറേഷന്‍ മാനേജ്മെന്‍റ് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.