സമ്പൂര്‍ണ സോളാര്‍ പഞ്ചായത്ത് ഓഫിസായി പിണറായി

കൂത്തുപറമ്പ്: പിണറായി പഞ്ചായത്ത് ഓഫിസില്‍ ഫ്രണ്ട് ഓഫിസ് കിയോസ്ക് സംവിധാനത്തിന്‍െറയും സോളാര്‍ പവര്‍പ്ളാന്‍റിന്‍െറയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇതോടെ പിണറായി പൂര്‍ണമായും സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫിസായി മാറി. പഞ്ചായത്തില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഫ്രണ്ട് ഓഫിസില്‍ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ കിയോസ്ക് സംവിധാനം സ്ഥാപിച്ചത്. ഇതുവഴി പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിനൊപ്പം പൊതുജനങ്ങള്‍ നല്‍കിയ അപേക്ഷകളെ സംബന്ധിക്കുന്ന വിവരങ്ങളും ഓണ്‍ലൈനിലൂടെ മനസ്സിലാക്കാനാകും. പത്തു ലക്ഷത്തോളം രൂപ ചെലവില്‍ സി.ഡിറ്റിന്‍െറ സഹകരണത്തോടെയാണ് പിണറായി പഞ്ചായത്ത് ഓഫിസില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫിസിലേക്ക് ആവശ്യമായി വരുന്ന വൈദ്യുതി സ്വയം ഉല്‍പാദിപ്പിക്കുന്നതോടൊപ്പം അധികമായി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രില്‍ഡിലേക്ക് നല്‍കാനുള്ള കരാറുമായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ച് കിലോ വാട്ട്സ് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. പിന്നീട് പഞ്ചായത്തിന്‍െറ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും സോളാര്‍ പവര്‍പ്ളാന്‍റ് സ്ഥാപിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഗീതമ്മ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. വിനീത, സി.എന്‍. ചന്ദ്രന്‍, ആലക്കണ്ടി രാജന്‍, വി.എ. നാരായണന്‍, എം. സുര്‍ജിത്, ജി. ജയരാജ്, എം.എസ്. നാരായണന്‍ നമ്പൂതിരി, കോങ്കി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എം. സുര്‍ജിത് സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി. പ്രദീപന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.