ബ്രണ്ണന്‍ കോളജ് ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുന്നു

തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജിന്‍െറ ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച തിരശ്ശീല വീഴും. ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനം പൂര്‍വ വിദ്യാര്‍ഥി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചക്ക് 2.30ന് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. നവീകരിച്ച കോളജ് ഓഡിറ്റോറിയം സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. 2015 ആഗസ്റ്റ് ഒന്നിനാണ് ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുന്‍ എം.എല്‍.എ കെ.കെ. നാരായണന്‍ ചെയര്‍മാനും മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.എം. ഇസ്മായില്‍ ജനറല്‍ കണ്‍വീനറുമായി 1001 അംഗ സംഘാടക സമിതി രൂപവത്കരിച്ചാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എഡ്വേര്‍ഡ് ബ്രണ്ണന്‍ അനുസ്മരണ യാത്രയോടെയായിരുന്നു തുടക്കം. ജനുവരി 18ന് ഗവര്‍ണന്‍ പി. സദാശിവമാണ് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തത്. ജൂബിലിയുടെ ഭാഗമായി നടത്തിയ പതിനഞ്ചിന ആഘോഷ പരിപാടികളില്‍ അക്കാദമിക സെമിനാറുകള്‍, പൂര്‍വ അധ്യാപകരെയും ജീവനക്കാരെയും ആദരിക്കല്‍, കലാസാഹിത്യ മത്സരങ്ങള്‍, ചലച്ചിത്രോത്സവം, ചിത്രകലാ ക്യാമ്പ്, മാധ്യമ സംവാദം, പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍ എന്നിവ ഉള്‍പ്പെടും. ജൂബിലിയുടെ ഓര്‍മക്കായി പുറത്തിറക്കിയ സ്മരണിക കോളജിന്‍െറ ധൈഷണിക ചരിത്രത്തിന്‍െറ അടയാളപ്പെടുത്തലാണ്. 60 വര്‍ഷത്തെ കോളജ് മാഗസിന്‍ ഡിജിറ്റല്‍ പതിപ്പായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കെ.കെ. നാരായണന്‍ എം.എല്‍.എയുടെ വികസന ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്‍െറ പ്രവൃത്തിയും ഹോസ്റ്റല്‍ നിര്‍മാണവും പുരോഗമിക്കുകയാണ്. ബ്രണ്ണനെ ഡിജിറ്റല്‍ കോളജാക്കി വികസിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പ്രാഥമിക ഫണ്ട് അനുവദിച്ചുകഴിഞ്ഞു. പൈതൃക കലാലയ പദവിയാര്‍ജിച്ച ഏതാനും സര്‍ക്കാര്‍ കലാലയങ്ങളില്‍ പ്രഥമസ്ഥാനത്താണ് ഗവ. ബ്രണ്ണന്‍ കോളജ്. ഇനിയും ഒട്ടേറെ പദ്ധതികള്‍ കോളജില്‍ നടപ്പിലാക്കാനുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എ. വത്സലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമാപന സമ്മേളനത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ബ്രണ്ണന്‍ ജൂബിലി ഗീതത്തിന്‍െറ നൃത്താവിഷ്കാരം, വിവിധ കലാപരിപാടികള്‍, കലാഭവന്‍ മണിക്ക് ആദരമര്‍പ്പിച്ച് വയനാട് നാട്ടുകൂട്ടത്തിന്‍െറ ഗോത്രമൊഴി നാടന്‍പാട്ടുമേള എന്നിവ അരങ്ങേറും. വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. എം. ചന്ദ്രഭാനു, പ്രഫ. കെ.ടി. ചന്ദ്രമോഹന്‍, കെ.വി. സുധാകരന്‍, ടി. അനില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.