വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടും

തലശ്ശേരി: നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി ഇനിമുതല്‍ കൃത്യമായി വിലയിരുത്തി പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടും. അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. എല്ലാമാസവും അവസാനത്തെ വെള്ളിയാഴ്ച ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് പദ്ധതികളുടെ പുരോഗതി, തടസ്സങ്ങള്‍, ആവശ്യമായ തുടര്‍നടപടികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. ഇന്നലെ ചേര്‍ന്ന ആദ്യയോഗത്തില്‍ മുഴുവന്‍ വകുപ്പുകളുടെയും ജില്ലാതല ഓഫിസര്‍മാരും മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും പങ്കെടുത്തു. പദ്ധതികളുടെ നിലവിലെ അവസ്ഥയും തുടര്‍നടപടികളും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രസിഡന്‍റുമാര്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മില്‍ പദ്ധതികളെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തി. ധര്‍മടം വൈദ്യുതി സെക്ഷന്‍ വിഭജിച്ച് എരഞ്ഞോളിക്ക് മാത്രമായി വൈദ്യുതി സെക്ഷന്‍ അനുവദിക്കണമെന്ന് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. രമ്യ ഉന്നയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം വൈദ്യുതി വകുപ്പിന്‍െറ പരിഗണനയിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. മുഴപ്പിലങ്ങാട്-അഴിയൂര്‍ ബൈപാസിന് 14 കി.മീ ഭൂമി ഏറ്റെടുത്തതായി ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊക്ളി വില്ളേജിലെ 1.8 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കുന്നതാണ് ബാക്കിയുള്ളത്. പലതവണ ആവശ്യപ്പെട്ടിട്ടും 20 വ്യക്തികള്‍ രേഖ ഹാജരാക്കിയിട്ടില്ല. ഇനിയും ഹാജരാക്കാതെ വന്നാല്‍ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കും. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികള്‍ എക്സി. എന്‍ജിനീയര്‍ മിനി വിവരിച്ചു. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ പ്രവൃത്തിക്ക് ടെന്‍ഡര്‍ എടുക്കാന്‍ ആരും മുന്നോട്ടുവരുന്നില്ളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള സബ്സിഡി മണ്ണെണ്ണ വിതരണം സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ കണ്ണൂര്‍ ഫിഷറീസ് ഓഫിസര്‍ പി.വി. ധനലക്ഷ്മി വിവരിച്ചു. നിലവില്‍ തലശ്ശേരിയിലുള്ള മത്സ്യത്തൊഴിലാളികള്‍ കണ്ണൂര്‍ മാപ്പിളബേ പമ്പില്‍ നിന്നാണ് മണ്ണെണ്ണ വാങ്ങുന്നത്. തലശ്ശേരിയില്‍ അനുവദിച്ച ഡീസല്‍ പമ്പില്‍ മണ്ണെണ്ണ സംവിധാനവും കൂടി അനുവദിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. തലശ്ശേരിയില്‍ അനുവദിച്ച അമ്മയും കുഞ്ഞും ആശുപത്രിക്ക് വയലളത്ത് സ്ഥലം കണ്ടത്തെിയതായി ചുമതലയുള്ള ജനറല്‍ ആശുപത്രിയിലെ ഡോ. വി.കെ. രാജീവന്‍ പറഞ്ഞു. തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ നേരത്തെ രണ്ട് ട്രാക്ക് കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ചിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ ഒന്നുമാത്രമാണ് ഉള്ളതെന്നും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇത് രണ്ടാക്കി നിലനിര്‍ത്തണം. തലശ്ശേരി സഹകരണ എന്‍ജി. കോളജ് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ബസില്‍ യാത്രാസൗജന്യത്തിന് ഉപയോഗിക്കാമെന്ന ആര്‍.ടി.ഒയുടെ നിര്‍ദേശം ബസ് ഉടമകള്‍ ലംഘിക്കുന്നത് എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തി. ബസ് ഉടമകള്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. തലശ്ശേരി നഗരസഭയില്‍ കുടിവെള്ള വിതരണം ലക്ഷ്യമിട്ട് ആവിഷ്കരിച്ച വിപുലീകരണ പദ്ധതി ആദ്യഘട്ടം മാത്രമാണ് ഏറക്കുറെ പൂര്‍ത്തിയായതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. തലശ്ശേരി പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി 1.20 കോടിയുടെ പദ്ധതി പ്രവര്‍ത്തനം തയാറാകുന്നതായി ടൂറിസം അധികൃതര്‍ അറിയിച്ചു. മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പോസിറ്റിവ് സമീപനം സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കൊടുവള്ളി മേല്‍പാലം, കുണ്ടുചിറ പാലം, പുളിഞ്ഞോളി പാലം എന്നിവയുടെ പ്രവൃത്തി എത്രയും വേഗം നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി പ്രാദേശിക തലത്തില്‍ നാട്ടുകാരുടെ യോഗം വിളിക്കും. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് ഖമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സബ് കലക്ടര്‍ നവജ്യോത് ഖോസ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.