സമൃദ്ധിയുടെ വസന്ത സ്മൃതിയില്‍ നിറയുത്സവം

പയ്യന്നൂര്‍: വയലില്‍ പണിയെടുക്കുന്ന കര്‍ഷകന്‍െറ പ്രതിനിധി നെല്‍ക്കതിരുകള്‍ കറ്റകളാക്കി കതിര്‍വെക്കും തറയില്‍ വെച്ചു. ഇത് ക്ഷേത്രത്തിലത്തെിച്ച് പൂജിച്ച് കരക്കാര്‍ക്കു വീതിച്ചു നല്‍കിയപ്പോള്‍ മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതി പുനര്‍ജനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ഇല്ലംനിറ ഉത്സവമാണ് സമൃദ്ധിയുടെയും നന്മയുടെയും ഓര്‍മ പുതുക്കുന്ന അനുഷ്ഠാനമായി മാറിയത്. ഞാറ്റുവേലക്കാലം കഴിഞ്ഞ് നെല്‍ച്ചെടികള്‍ പൂത്ത് വിടരുമ്പോഴാണ് ഇല്ലംനിറ ആഘോഷിക്കുന്നത്. വയലിലിറങ്ങി ആദ്യം വിരിഞ്ഞ നെല്‍ക്കതിരുകള്‍ കൊയ്തെടുത്ത് ക്ഷേത്രത്തിലത്തെിച്ച് പൂജിച്ചാണ് ഭക്തര്‍ക്ക് വിതരണം ചെയ്യുക. ഇതിന് ഓരോ ഊരുകളിലും പ്രത്യേകം അവകാശികളുണ്ട്. പൂജിച്ച നെല്‍ക്കതിരുകള്‍ ക്ഷേത്രത്തിലും വീടുകളിലും കൊണ്ടുപോയി കെട്ടുന്നു. നിറയ്ക്കുക എന്നാണ് ഇതിനു പേര്. നേരത്തെയുണ്ടാക്കിയ നിറയോലത്തിനകത്ത് നെല്‍ക്കതിരുകള്‍ തിരുകും. ഇത് തെങ്ങോലയുടെ മടലിലെ പുറംതോല് (പാന്തം) ഉപയോഗിച്ചാണ് കെട്ടുന്നത്. പത്ത് ഇലകള്‍ ഉപയോഗിച്ചാണ് നിറയോലം ഉണ്ടാക്കുന്നത്. വട്ടഫലം, പ്ളാവ്, മാവ്, കായല്‍, നെല്ലി, പെരുവള്ളി, പൊലുവള്ളി, മുക്കണ്ണന്‍, കാഞ്ഞിരം, വെള്ളില, കായല്‍ തുടങ്ങിയവയുടെ ഇലകളാണ് ഉപയോഗിച്ചു വരുന്നത്. ക്ഷേത്രങ്ങളില്‍ സജീവമായി അനുഷ്ഠാനം നിലനില്‍ക്കുന്നതു കൊണ്ടുതന്നെ ഈ സസ്യങ്ങള്‍ നിലനിര്‍ത്താനുള്ള നടപടികളും ഉണ്ടാവുന്നു. ഈ ആചാരത്തിലൂടെ കൃഷിയെ നിലനിര്‍ത്തുക എന്നതോടൊപ്പം ഒരു വര്‍ഷം മുഴുവന്‍ സമ്പല്‍സമൃദ്ധിയുണ്ടാവുമെന്നും പഴയ തലമുറ വിശ്വസിച്ചിരുന്നു. വാദ്യമേളങ്ങളുടെയും ശംഖനാദത്തിന്‍െറയും അകമ്പടിയോടെയാണ് കതിരുകള്‍ ക്ഷേത്രത്തിനകത്ത് എത്തിക്കുന്നത്. കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ നിറ അടിയന്തിരത്തിന് മേല്‍ശാന്തി ഇ. മുരളീകൃഷ്ണന്‍ നേതൃത്വം നല്‍കി. വിവിധ ക്ഷേത്രങ്ങളിലും തറവാട്ടുകളിലും നിറ ആഘോഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.