മാറ്റത്തിന്‍െറ പാതയില്‍ കുതിപ്പിനൊരുങ്ങി പിണറായി ഗ്രാമപഞ്ചായത്ത്

തലശ്ശേരി: സോളാര്‍ പദ്ധതിയും ഇ-ഗവേണന്‍സ് പദ്ധതിയും വ്യാപിപ്പിച്ച് വികസനവഴിയില്‍ മാതൃക തീര്‍ക്കാനൊരുങ്ങുകയാണ് പിണറായി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്‍െറ അധീനതയിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും സോളാര്‍ വൈദ്യുതി ഉപയോഗിച്ചും പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളും സേവനങ്ങളും ഇ-ഗവേണന്‍സ് പദ്ധതിയിലൂടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കിയുമാണ് പഞ്ചായത്ത് മാറ്റത്തിന്‍െറ കാല്‍വെപ്പ് നടത്തുന്നത്. ഗ്രാമപഞ്ചായത്ത് ഓഫിസില്‍ മാതൃകയായി തുടങ്ങിയ സോളാര്‍ പവര്‍ പ്ളാന്‍റ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫിസില്‍ സോളാര്‍പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. പഞ്ചായത്ത് പദ്ധതിവിഹിതത്തില്‍നിന്ന് 10 ലക്ഷം ഇതിനായി ചെലവഴിച്ചു. മൂന്നുമാസമായി ഓഫിസില്‍ സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അഞ്ചു കിലോവാട്ട് സൗരോര്‍ജ പ്ളാന്‍റാണ് സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫിസില്‍ തുടങ്ങിയ പദ്ധതി പഞ്ചായത്തിന്‍െറ അധീനതയിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും വ്യാപിപ്പിക്കാനാണ് തീരുമാനം. വൈദ്യുതിവകുപ്പിന്‍െറ ഗ്രിഡുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുക. ഓരോ സ്ഥാപനത്തിലും ഉപയോഗം കഴിഞ്ഞുള്ള മിച്ചവൈദ്യുതി നേരിട്ട് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കും. ഇതിലൂടെ വികേന്ദ്രീകൃത ഊര്‍ജ ഉല്‍പാദനത്തിന്‍െറ പുത്തന്‍ മാതൃകതീര്‍ക്കാന്‍ പഞ്ചായത്തിനാകും. ഒരുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്‍റ് പി.കെ. ഗീതമ്മയും വൈസ് പ്രസിഡന്‍റ് സി. പ്രദീപനും പറഞ്ഞു. സി-ഡിറ്റാണ് പഞ്ചായത്ത് ഓഫിസില്‍ സോളാര്‍ സംവിധാനം സ്ഥാപിക്കുന്നത്. ഇ-ഗവേണന്‍സ് പദ്ധതിയിലൂടെ അപേക്ഷകളുടെയും പരാതികളുടെയും നിജസ്ഥിതി അറിയാന്‍ ജനം പഞ്ചായത്ത് ഓഫിസിലേക്ക് വരേണ്ട സാഹചര്യം ഇല്ലാതാകും. വീട്ടിലിരുന്നും വിവരങ്ങള്‍ ലഭ്യമാകും. ഇ-ഗവേണന്‍സിന്‍െറ ഭാഗമായി പഞ്ചായത്ത് ഓഫിസില്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ തയാറാക്കിയ ‘സ്പര്‍ശ്’ ആപ്ളിക്കേഷന്‍ വഴിയാണ് കിയോസ്ക് പ്രവര്‍ത്തി ക്കുക. ഫയലിന്‍െറ തല്‍സ്ഥിതി, ജനന, മരണ, വിവാഹ രജിസ്ട്രേഷന്‍ വിവരങ്ങള്‍, കെട്ടിടങ്ങളുടെ വസ്തുനികുതി സംബന്ധിച്ച വിവരങ്ങള്‍, പഞ്ചായത്തുവഴി വിതരണം ചെയ്യുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, മറ്റ് സേവനങ്ങള്‍, ജനപ്രതിനിധികളെക്കുറിച്ചുള്ള വിവരങ്ങള്‍, പൊതുവിവരങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് ഇതിലൂടെ അറിയാന്‍ കഴിയും. പഞ്ചായത്തില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളുടെയും നടപടിക്രമങ്ങള്‍ ഓണ്‍ലൈനായി അറിയുന്നതിന് ‘സൂചിക ഫയല്‍ ട്രാക്കിങ്’ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ പഞ്ചായത്തിലെ ടച്ച് സ്ക്രീനില്‍ നിന്നറിയാന്‍ കഴിയും. മൊബൈലില്‍ വീട്ടിലിരുന്നും അറിയുന്നതിന് സംവിധാ നമുണ്ട്. സമര്‍പ്പിച്ച അപേക്ഷകള്‍ പഞ്ചായത്തില്‍ തീര്‍പ്പുകല്‍പിക്കുന്ന മുറക്ക് എസ്.എം.എസിലൂടെ വിവരം ലഭിക്കും. പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍വഴി അറിയുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. പ്രവര്‍ത്തനമികവിന് 2015 ആഗസ്റ്റില്‍ ഐ.എസ്.ഒ-9001-2008 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഗ്രാമപഞ്ചായത്ത് ഇ-ഗവേണന്‍സിന്‍െറ രണ്ടാംഘട്ടമായാണ് കിയോസ്ക് സ്ഥാപിക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഇന്‍ഫര്‍മേഷന്‍ കിയോസ്ക് സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.