കണ്ണൂര്‍ വിമാനത്താവളം: ആറുമാസം ഇളവ് നല്‍കണമെന്ന് വിമാനക്കമ്പനികള്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് നടത്താന്‍ സന്നദ്ധമായി മുന്നോട്ടുവന്ന കമ്പനികള്‍ ആദ്യത്തെ ആറുമാസത്തെ സര്‍വിസിന് ആനുകൂല്യം വേണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു. കിയാല്‍ മാനേജ്മെന്‍റും സംസ്ഥാനസര്‍ക്കാറും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതനുസരിച്ച് കരാര്‍ എളുപ്പത്തിലാകും. ലാന്‍ഡിങ്, പാര്‍ക്കിങ് നിരക്കുകളില്‍ ആദ്യത്തെ ആറു മാസം 50 ശതമാനമെങ്കിലും ഇളവുനല്‍കണമെന്നാണ് ചില പ്രമുഖ വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടത്. മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ലാന്‍ഡിങ്, പാര്‍ക്കിങ് നിരക്ക് തുടക്കത്തില്‍ ആവശ്യപ്പെടരുതെന്നും ചില കമ്പനികള്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടത്. 14 പ്രമുഖ കമ്പനികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വിസ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എമിറേറ്റ്സ്, ഫൈ്ള ദുബൈ, ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ്, ജെറ്റ് എയര്‍വേസ്, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍വേസ്, ഗള്‍ഫ് എയര്‍ തുടങ്ങിയ കമ്പനികള്‍ ഇതിലുള്‍പ്പെടും. കേന്ദ്ര വ്യോമയാന മന്ത്രാലയവുമായുള്ള കമ്പനികളുടെ എയര്‍ സര്‍വിസ് അഗ്രിമെന്‍റ് പൂര്‍ത്തിയാവുമ്പോഴേ ഏതെല്ലാം റൂട്ടില്‍ സര്‍വിസ് തുടങ്ങുമെന്ന് പറയാനാവുകയുള്ളൂ. വിദേശ കമ്പനികള്‍ കണ്ണൂരില്‍നിന്ന് തുടങ്ങുന്ന സര്‍വിസിന് ആനുപാതികമായി അതത് പോയന്‍റുകളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ബദല്‍ സര്‍വിസിനും ധാരണയാവണം. കേന്ദ്രസര്‍ക്കാറാണ് ഈ സുപ്രധാന കടമ്പ കടക്കാന്‍ സഹായിക്കേണ്ടത്. വിമാനക്കമ്പനികള്‍ അടുത്ത ദിവസംതന്നെ ഇതിനായുള്ള അപേക്ഷ കേന്ദ്രത്തിന് നല്‍കുന്നുണ്ട്. ഇനിയും അരഡസനോളം കമ്പനികളുമായി ‘കിയാല്‍’ ചര്‍ച്ച നടത്തേണ്ടതുണ്ട്. അതിനിടെ വിമാനത്താവള നിര്‍മാണപ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം മട്ടന്നൂരിലത്തെുമെന്ന് അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.