തെരുവ് വിളക്കുകള്‍ നോക്കുകുത്തി; അധികാരികളുടെ കണ്‍മുന്നില്‍ കൂരിരുട്ട്

കണ്ണൂര്‍: നഗരത്തിലെ തെരുവുവിളക്കുകള്‍ നോക്കുകുത്തിയായപ്പോള്‍ കലക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ് എന്നിവയുടെ മുന്‍വശത്തുകൂടിയുള്ള പ്രധാനപാത സന്ധ്യമയങ്ങിയാല്‍ തന്നെ കൂരിരുട്ടിലാവുന്നു. രാത്രിയാകുന്തോറും ഇതുവഴിയുള്ള യാത്ര അതിദുഷ്കരമാണെന്നാണ് നാട്ടുകാരുടെ പരാതി. കലക്ടറേറ്റിന് മുന്‍വശത്തു നിന്നും ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെ പ്രസ്ക്ളബ് ജങ്ഷന്‍ വരെയുള്ള റോഡില്‍ 44ഓളം തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ ഒന്നുപോലും പ്രവര്‍ത്തിക്കാതായതോടെയാണ് പാത പൂര്‍ണമായും ഇരുട്ടിലായത്. റോഡരികിലെ വെട്ടി മാറ്റിയ മരങ്ങളുടെ കുറ്റികളിലും വനിതാസെല്ലിന് മുന്‍വശത്ത് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണതും ഇരുട്ടില്‍ യാത്ര ചെയ്യുന്ന കാല്‍നടക്കാരെ അപകടത്തിലാക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള കാല്‍നടക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്യുന്നവര്‍ 12 മണിക്ക് ശേഷവും രാവിലെ അഞ്ചു മണിക്കും മുമ്പ് റെയില്‍വേ സ്റ്റേഷനിലേക്ക് ഇതുവഴിയാണ് നടന്നുപോകുന്നത്. മഴക്കാലമത്തെിയതോടെ ഇരുട്ടില്‍ ഇഴജന്തുക്കളെയും തെരുവുനായ്ക്കളെയും ഭയന്ന് വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിവര്‍. ഇതിനുപുറമെ മദ്യപാനികളും സാമൂഹികവിരുദ്ധരും ശല്യമുണ്ടാക്കുന്നതായും പരാതിയുണ്ട്. ജില്ലാ പഞ്ചായത്ത്, ജില്ലാ പൊലീസ് മേധാവി, എ.ആര്‍ ക്യാമ്പ്, വനിതാ പൊലീസ് സ്റ്റേഷന്‍, കലക്ടറേറ്റ്, പൊലീസ് മൈതാനം എന്നിവക്ക് മുന്‍വശത്തുകൂടിയുള്ള റോഡില്‍പോലും തെരുവുവിളക്ക് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. നഗരത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്ത സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.