കണ്ണൂരിനെ കൈയിലെടുത്ത ബാലകിരണിന് വീണ്ടും പഴയ ലാവണം

കണ്ണൂര്‍: കണ്ണൂരിന്‍െറ ജനകീയ കലക്ടര്‍ക്ക് വീണ്ടും പഴയ ലാവണം. 2012 മുതല്‍ ഐ.ടി ആന്‍ഡ് അക്ഷയ ഡയറക്ടറായിരുന്ന പി. ബാലകിരണ്‍ 2014 ഫെബ്രുവരി 15നാണ് ജില്ലയുടെ 45ാമത് കലക്ടറായി ചുമതലയേറ്റത്. സംസ്ഥാന ഐ.ടി ഡയറക്ടറായാണ് വീണ്ടും നിയമനം. 2008 ബാച്ച് ഐ.എ.എസുകാരനായ ബാലകിരണ്‍ ആന്ധ്രപ്രദേശിലെ ഹൈദരാബാദ് സ്വദേശിയാണ്. 2015ലെ സംസ്ഥാന റവന്യൂ വകുപ്പിന്‍െറ മികച്ച കലക്ടര്‍ അവാര്‍ഡ് നേടിയ ബാലകിരണിന് മറ്റൊരു അവാര്‍ഡ് ലഭിച്ച ദിവസം തന്നെയാണ് സ്ഥലംമാറ്റം. ഗുഡ്ഗാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്കോച്ച് ഗ്രൂപ്പിന്‍െറ ‘സ്മാര്‍ട്ട് ഗവേണന്‍സ് അവാര്‍ഡ്’ ലഭിച്ചതായി ബുധനാഴ്ചയാണ് കലക്ടര്‍ക്ക് വിവരം ലഭിച്ചത്. വികലാംഗ സൗഹൃദ ജില്ല, കണ്ടല്‍വന സംരക്ഷണം എന്നീ പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് സ്കോച്ച് അവാര്‍ഡ്. 2014ല്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ‘ഡിസ്ട്രിക്ട് കലക്ടര്‍ ഡിജിറ്റല്‍ ചാമ്പ്യന്‍’ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിത തെരഞ്ഞെടുപ്പായി നടത്തിയതിന് തെരഞ്ഞെടുപ്പ് കമീഷന്‍ അവാര്‍ഡ് സമ്മാനിച്ചു. ഡല്‍ഹിയില്‍ നടന്ന ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തില്‍ മൂന്നാം സ്ഥാനവും കണ്ണൂരിന്‍െറ പേരില്‍ എഴുതിച്ചേര്‍ത്തു. ദേശീയ ഗെയിംസ് ഹരിതവത്കരിച്ചതിനും മികച്ച ജില്ലക്കുള്ള അവാര്‍ഡ് കണ്ണൂരിനെ തേടിയത്തെി. എം.ടെക്കിനുശേഷം ബാലകിരണ്‍ പഞ്ചാബ് കേഡറില്‍ ഐ.പി.എസും പൂര്‍ത്തിയാക്കിയിരുന്നു. മിസൈല്‍ ശാസ്ത്രജ്ഞനായി നാല് വര്‍ഷം ജോലി ചെയ്തശേഷം കോഴിക്കോട് അസി. കലക്ടറായി റവന്യൂ സര്‍വിസിന് തുടക്കംകുറിച്ചു. പത്തനംതിട്ട, തിരുവല്ല, കാസര്‍കോട് എന്നിവിടങ്ങളില്‍ സബ്കലക്ടറായും സേവനമനുഷ്ഠിച്ചു. വിശാഖപട്ടണം സ്വദേശിനി കല്യാണിയാണ് ഭാര്യ. തമിഴ്നാട് സ്വദേശിയായ മിര്‍ മുഹമ്മദലിയാണ് പുതിയ ജില്ലാ കലക്ടര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.