മട്ടാമ്പ്രത്ത് കടല്‍ക്ഷോഭം ശക്തം

തലശ്ശേരി: മട്ടാമ്പ്രം ഇന്ദിരപാര്‍ക്ക് മുതല്‍ ഗോപാലപ്പേട്ട വരെയുള്ള ഭാഗങ്ങളില്‍ കടലാക്രമണം ശക്തമായി. ആര്‍ത്തിരമ്പുന്ന തിരമാലകള്‍ സംരക്ഷണ ഭിത്തി മറികടന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളിലേക്ക് ഇരച്ചുകയറുകയാണ്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഉണ്ടായ വേലിയേറ്റത്തില്‍ ചാലിലെ ഏതാനും വീടുകളില്‍ വെള്ളം കയറി. വീടുകളുടെ വരാന്ത വെള്ളത്തിലായി. കുട്ടികളുടെ പഠനോപകരണങ്ങള്‍ നശിച്ചിട്ടുണ്ട്. കാലവര്‍ഷം തുടങ്ങിയത് മുതല്‍ തീരദേശപ്രദേശത്തെ കുടുംബങ്ങള്‍ ആശങ്കയിലാണ്. മട്ടാമ്പ്രം മുതല്‍ ഗോപാലപേട്ടവരെയുള്ള ഭാഗങ്ങളില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇടതിങ്ങി കഴിയുന്നത്. കടല്‍ക്ഷോഭം രൂക്ഷമാകുമ്പോഴും തീരത്തെ മണല്‍കടത്ത് തടയാന്‍ ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ല. കടല്‍ക്ഷോഭം തടയുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അധികൃതര്‍ തീരം സന്ദര്‍ശിക്കണമെന്നും മത്സ്യവിതരണ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി പാലക്കല്‍ സാഹിര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.