പാനൂര്‍: പാനൂര്‍ മേഖലയില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍ തുടരുന്നു. രണ്ടു മാസത്തിനിടെ വിവിധ അപകടങ്ങളില്‍ മരിച്ചത് ഏഴുപേര്‍. പരിക്കേറ്റവര്‍ അതിലുമെത്രയോ ഏറെ. ഗതാഗതനിയമങ്ങള്‍ കാറ്റില്‍പറത്തി ടിപ്പറുകള്‍ പായുമ്പോഴും നടപടിയെടുക്കാന്‍ പൊലീസ് മടിക്കുകയാണ്. തിരക്കേറിയ ടൗണില്‍പോലും അമിതവേഗത്തിലത്തെിയ ടിപ്പറുകള്‍ അപകടം വിതക്കുകയാണ്. ചൊവ്വാഴ്ച നിയന്ത്രണംവിട്ട ടിപ്പര്‍ ടൗണിന്‍െറ ഹൃദയഭാഗത്തെ കടകളിലേക്ക് പാഞ്ഞുകയറിയതോടെ വ്യാപാരികളും ജനങ്ങളും ഒരുപോലെ ഭീതിയിലായിരിക്കുകയാണ്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും നാല് ഓട്ടോകള്‍ തകരുകയും ചെയ്തിരുന്നു. കര്‍ക്കടകവാവ് പ്രമാണിച്ച് സ്കൂളിന് അവധിയായത് വന്‍ ദുരന്തം ഒഴിവാക്കി. ടിപ്പറിടിച്ചുണ്ടായ മുന്‍ അപകടങ്ങളില്‍ വള്ള്യായില്‍ അങ്കണവാടി ജീവനക്കാരിയും ആണ്ടിപ്പീടികയില്‍ വയോധികനും തങ്ങള്‍പീടികയില്‍ വഴിയാത്രക്കാരനും ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഒരാളുടെ മരണത്തില്‍ കലാശിച്ച അപകടമുണ്ടായതിന് നൂറ് മീറ്റര്‍ അകലെ ഗുരുസന്നിധിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ മറ്റൊരു ടിപ്പര്‍ വൈദ്യുതിത്തൂണില്‍ ഇടിച്ചും അപകടമുണ്ടായി. മെക്കാഡം ടാറിങ് നടത്തിയ ഈ റൂട്ടില്‍ ചീറിപ്പായുന്ന ടിപ്പര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വഴിയാത്രക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും പേടിസ്വപ്നമായിട്ടുണ്ട്. പൊലീസ് എണ്ണം തികക്കാന്‍മാത്രം പരിശോധന നടത്തുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ബസുകളിലും ടിപ്പറുകളിലും ഡ്രൈവര്‍മാരായി എത്തുന്ന ചെറുപ്പക്കാര്‍ പലരും അമിതവേഗത്തിലും അശ്രദ്ധയോടെയുമാണ് വാഹനം ഓടിക്കുന്നത്. ബസ് ഡ്രൈവറായ യുവാവ് കഴിഞ്ഞദിവസമാണ് ഹെവി ലൈസന്‍സ് ടെസ്റ്റിനത്തെിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം പതിവായതോടെ കുട്ടികളെ സ്കൂളിലേക്ക് വിടാന്‍പോലും രക്ഷിതാക്കള്‍ ഭയക്കുന്ന അവസ്ഥയാണ്. ടിപ്പറുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുകയും അമിതവേഗത്തിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ കൊലവിളിക്ക് ഒരറുതി വരുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.