കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ 25 ഏക്കറില്‍ സംരംഭക ഇന്‍സ്റ്റിറ്റ്യൂട്ട്

മട്ടന്നൂര്‍: വ്യവസായ പാര്‍ക്കിനായി വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര ഏറ്റെടുത്ത സ്ഥലത്ത് കേന്ദ്രസര്‍ക്കാറിന്‍െറ ചെറുകിട ഇടത്തര സംരംഭക മന്ത്രാലയം (എം.എസ്.എം.ഇ) വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. ഇതിന്‍െറ ഭാഗമായി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, എം.എസ്.എം.ഇ എം.ഡി ഡോ. ബീന എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വ്യവസായ പാര്‍ക്കിനായി വെള്ളിയാംപറമ്പില്‍ ഏറ്റെടുത്ത 130 ഏക്കര്‍ സ്ഥലത്തെ 25 ഏക്കറിലാണ് പദ്ധതി ആരംഭിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന സംരംഭത്തിന് 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 500ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിക്ക് ആവശ്യമായ ഭൂമി അടയാളപ്പെടുത്തുന്നതിനായാണ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. ലോക ബാങ്ക് സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭം ആദ്യം അങ്കമാലിയിലാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് വെള്ളിയാംപറമ്പിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന് അനുബന്ധമായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യവുമായാണ് വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര ഭൂമി ഏറ്റെടുത്തത്. പ്രദേശത്ത് ജലസംഭരണിയുള്‍പ്പെടെ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. 40 ഏക്കറില്‍ പ്ളാസ്റ്റിക് സംസ്കരണ യൂനിറ്റും സ്ഥാപിക്കുന്നുണ്ട്. തറക്കല്ലിട്ട് മൂന്നു വര്‍ഷത്തോളം നിര്‍ജീവമായി കിടന്ന പദ്ധതിക്ക് ഇതോടെ വീണ്ടും ജീവന്‍ വെക്കുകയാണ്. കിന്‍ഫ്രയുടെ സ്ഥലത്ത് ചുറ്റുമതില്‍ നിര്‍മാണം അവസാന ഘട്ടത്തിലാണ്. മതിലിനൊപ്പം ഗേറ്റ്ഹൗസ്, ടോയ്ലെറ്റുകള്‍, പദ്ധതി പ്രദേശത്തിന് പുറത്ത് പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ 100 മീറ്റര്‍ നീളത്തില്‍ അഞ്ച് മീറ്റര്‍ വീതിയില്‍ റോഡ് എന്നിവയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. മതില്‍ നിര്‍മിക്കാത്ത ഭാഗത്ത് കമ്പിവേലി സ്ഥാപിക്കും. ഇതിന് 58 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടക്കുന്നത്. എം.എസ്.എം.ഇ ഡയറക്ടര്‍ പി.വി. വേലായുധന്‍, കിന്‍ഫ്ര അഡൈ്വസര്‍ കെ.വി. ഗംഗാധരന്‍, പി. മുരളീധരന്‍, കെ. സുധാകരന്‍, കെ.എന്‍. ശ്രീകുമാര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജന്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍, ഏരിയ സെക്രട്ടറി എന്‍.വി. ചന്ദ്രബാബു എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.