വളപട്ടണം പാലം: നവീകരണ പ്രവൃത്തി മൂന്നുമാസത്തിനകം പൂര്‍ത്തീകരിക്കും

പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന്‍െറ നവീകരണ പ്രവൃത്തി മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് കരാറുകാരായ പത്മജ ഗ്രൂപ് അറിയിച്ചു. പാലത്തിന്‍െറ നവീകരണ ജോലി ആരംഭിച്ചിട്ട് 10 മാസം പിന്നിട്ടു. കാലവര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവൃത്തി പുനരാരംഭിച്ചിട്ട് മൂന്നാഴ്ച കഴിഞ്ഞു. പാലത്തിന്‍െറ അടിഭാഗത്തെ കേടു സംഭവിച്ച ഭാഗത്തെ കോണ്‍ക്രീറ്റ് ഇളക്കി പകരം കെമിക്കല്‍ ചേര്‍ത്ത കോണ്‍ക്രീറ്റ് മിക്സിങ് ചേര്‍ത്ത് ബലംപിടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പാപ്പിനിശ്ശേരി ഭാഗത്തെ മൂന്നു തൂണുകളുടെ പ്രവൃത്തിയാണ് നടക്കുന്നത്. 30 വര്‍ഷത്തിലേറെയായി വളപട്ടണം പാലത്തിന് ഉപ്പുകാറ്റേറ്റ് ഗുരുതരമായ ബലക്ഷയം കണ്ടത്തെിയ പശ്ചാത്തലത്തിലാണ് ആധുനിക സംവിധാനമുപയോഗപ്പെടുതി ബലപ്പെടുത്താന്‍ തുടങ്ങിയത്. പാലത്തിന്‍െറ തൂണുകളിലെ പുറംഭാഗത്തെ കോണ്‍ക്രീറ്റുകള്‍ പൊട്ടിച്ച് മാറ്റുകയും അകത്തെ ദ്രവിച്ച കമ്പികള്‍ നീക്കം ചെയ്ത് പുതിയ കമ്പികള്‍ സ്ഥാപിച്ചുമാണ് പാലം ബലപ്പെടുത്തുക. തൂണുകളുടെയും പാലത്തിന്‍െറ അടിഭാഗത്തെയും പ്രവൃത്തി പൂര്‍ത്തീകരിച്ചതിനുശേഷം മാത്രമേ മേല്‍ഭാഗത്തെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയുള്ളൂ. മേല്‍ഭാഗത്തെ ഒരു പാളി നീക്കം ചെയ്ത് കോണ്‍ക്രീറ്റില്‍ പുതുക്കിപണിയും. 2015 സെപ്റ്റംബറില്‍ തുടങ്ങിയ നവീകരണ പ്രവൃത്തി 2016 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, പ്രവൃത്തി വേഗത കുറഞ്ഞതിനാല്‍ സമയപരിധി നീട്ടിനല്‍കുകയായിരുന്നു. നാലുകോടി രൂപയാണ് നവീകരണ പ്രവൃത്തിക്ക് അനുവദിച്ചത്. വളപട്ടണം പാലത്തിലെ കുഴികള്‍ കാരണം വാഹനങ്ങള്‍ക്ക് സുഗമമായി പോകാന്‍ സാധിക്കുന്നില്ല. നിരവധി കുഴികളാണ് പാലത്തില്‍ രൂപപ്പെട്ടത്. ഇതിനാല്‍ പല സമയങ്ങളിലും കടുത്ത വാഹനക്കുരുക്ക് അനുഭവപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.