രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് വീട്ടമ്മയുടെ വിഷരഹിത പച്ചക്കറി

കണ്ണൂര്‍: മുണ്ടേരിയില്‍ വോട്ട് തേടിയത്തെിയ എല്‍.ഡി.എഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ വീട്ടമ്മ സ്വീകരിച്ചത് വിഷരഹിത ജൈവ പച്ചക്കറി നല്‍കി. വിഷരഹിത പച്ചക്കറിക്ക് വേണ്ടി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമത്തിന് തുടര്‍ച്ചയുണ്ടാകണമെന്ന് അഭ്യര്‍ഥിച്ചാണ് സ്ഥാനാര്‍ഥിയെ വീട്ടമ്മ ശാന്ത പച്ചക്കറികള്‍ നല്‍കി സ്വീകരിച്ചത്.മുണ്ടേരി, ചേലോറ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളിലാണ് വ്യാഴാഴ്ച കടന്നപ്പള്ളി വോട്ടര്‍മാരെ കണ്ടത്. കാര്‍ഷിക മേഖലയായ മുണ്ടേരിയിലും ചേലോറയിലും നെല്‍കൃഷി വീണ്ടെടുക്കാനുള്ള എല്‍.ഡി.എഫ് ശ്രമത്തിന് വീട്ടമ്മമാര്‍ പിന്തുണ നല്‍കുകയാണ്. കുടുംബശ്രീയും സ്വയംസഹായ സംഘങ്ങളും നേരത്തെ നടത്തിയിരുന്ന കൂട്ടുകൃഷി തകര്‍ക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും ഇവര്‍ പറയുന്നു. മുണ്ടേരി, വലിയന്നൂര്‍, ചേലോറ ലോക്കലുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് കടന്നപ്പള്ളി വോട്ടഭ്യര്‍ഥിച്ചത്തെിയത്. മുണ്ടേരി, കാഞ്ഞിരോട് മേഖലകളില്‍ കുടുംബ യോഗത്തിലും പങ്കെടുത്തു. വെള്ളിയാഴ്ച ടൗണ്‍ ഈസ്റ്റ്, എളയാവൂര്‍, സിറ്റി ഭാഗത്ത് പര്യടനം നടത്തും. കടന്നപ്പള്ളിയുടെ പൊതുപര്യടനം മേയ് ഒന്നിന് തുടങ്ങുമെന്ന് മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് വൈകീട്ട് നാലിന് മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പന്‍മലയില്‍ സി.പി.എം സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്ന് ഘട്ടത്തിലായി വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ച ശേഷമാണ് പൊതുപര്യടനം ആരംഭിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് യു. ബാബു ഗോപിനാഥ്, സെക്രട്ടറി എന്‍. ചന്ദ്രന്‍, ഹമീദ് ഇരിണാവ്, ജി. രാജേന്ദ്രന്‍, ഇ. ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.