പേരാവൂരിലും ഇരിക്കൂറിലും യു.ഡി.എഫിനെതിരെ വിമതര്‍

കണ്ണൂര്‍: സര്‍ക്കാറിന്‍െറ കര്‍ഷക ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ഇരിക്കൂറില്‍ മന്ത്രി കെ.സി. ജോസഫിനും പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫിനും എതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പേരാവൂരില്‍ കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.ജെ. ജോസഫ് മത്സരിക്കും. ഇരിക്കൂറിലെ സ്ഥാനാര്‍ഥിയെ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. കാര്‍ഷിക മേഖല ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ യു.ഡി.എഫ് സര്‍ക്കാറോ കോണ്‍ഗ്രസോ ഗൗരവമായി കാണുന്നില്ല. കാര്‍ഷിക മേഖലയെ ഉദ്ധരിക്കുന്നതിന് ഒരു നടപടിയും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നീര പദ്ധതിയിലൂടെ കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ വരുമാനം ലഭിക്കുമെന്നിരിക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനം നടപ്പാക്കാതെ കേരളത്തിലെ 60 ലക്ഷം വരുന്ന കേര കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചു. ഈ വസ്തുതകള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളോട് തുറന്നുപറഞ്ഞതിന് അഡ്വ. സണ്ണി ജോസഫിന്‍െറ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയാണ് തന്നെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയതെന്നും അഡ്വ. കെ.ജെ. ജോസഫ് പറഞ്ഞു. പി.എം. പൗലോസ് കണിച്ചാറും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.