വേനല്‍ കടുത്തു: കീഴല്ലൂര്‍ ജലസംഭരണിയിലെ ജലവിതാനം താഴ്ന്നു

അഞ്ചരക്കണ്ടി: വേനല്‍ ശക്തമായതോടെ കീഴല്ലൂര്‍ ജലസംഭരണിയില്‍ ജലവിതാനം പൂര്‍ണമായും താഴ്ന്നു. ഇതോടെ തലശ്ശേരി, മാഹി ഭാഗങ്ങളിലേക്കുള്ള പമ്പിങ് നിലച്ചു. മുന്‍ വര്‍ഷങ്ങളിലൊന്നും കാണാത്ത രീതിയിലാണ് ഈവര്‍ഷം ജലവിതാനം പൂര്‍ണമായും താഴ്ന്നത്. കീഴല്ലൂര്‍ ജലസംഭരണിയില്‍ നിന്നുള്ള ജലമാണ് മൈലാടി ശുചീകരണ പ്ളാന്‍റില്‍നിന്നും ഫില്‍ട്ടര്‍ ചെയ്ത് തലശ്ശേരി-മാഹി ഭാഗങ്ങളിലേക്ക് വിതരണം ചെയുന്നത്. വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളിലും ജലസംഭരണിയുടെ സമീപത്തെ വീടുകളിലും ഇവിടെനിന്നാണ് ശുദ്ധജലം നല്‍കുന്നത്. വളയാല്‍, കീഴല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിലെ ജലവിതാനം സംരക്ഷിച്ചുനിര്‍ത്തുന്നതിലും ഡാം പ്രധാന പങ്കുവഹിക്കുന്നുണ്ട്. വളരെ നേരത്തേതന്നെ മുഴുവന്‍ ഷട്ടറുകളും അടച്ച് വെള്ളം സംഭരിച്ചുവെക്കുന്നതിനുള്ള നടപടികള്‍ നടത്തിയെങ്കിലും വേനലിന്‍െറ ശക്തിയില്‍ ജലവിതാനം താഴുകയായിരുന്നു. നിലവില്‍ പമ്പ് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ വെള്ളം കുറഞ്ഞിരിക്കുകയാണ്. വെളിയമ്പ്രയിലെ ജലസംഭരണിയില്‍ നിന്നുമാണ് കഴിഞ്ഞയാഴ്ച മുതല്‍ തലശ്ശേരി-മാഹി ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തുന്നത്. എന്നാല്‍, വേനലിന്‍െറ ചൂട് ദിനേന വര്‍ധിക്കുന്നതിനാല്‍ വെളിയമ്പ്രയിലെ ജലത്തിന്‍െറ ലഭ്യതയെയും പ്രതികൂലമായി ബാധിക്കും. ജില്ലയിലെ ഒട്ടുമിക്ക ഭാഗങ്ങളിലേക്കും ശുദ്ധജല വിതരണം നടത്തുന്നത് വെളിയമ്പ്രയില്‍നിന്നാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ അളവാണ് കീഴല്ലൂര്‍ ജലസംഭരണിയിലുണ്ടായതെന്ന് വാട്ടര്‍ അതോറിറ്റി ഓഫിസര്‍ പറഞ്ഞു. മാര്‍ച്ച് മാസത്തിന്‍െറ തുടക്കത്തില്‍തന്നെ ജലസംഭരണിയില്‍ നിത്യേന അഞ്ചുമുതല്‍ 10 സെ.മീ. വരെ അളവ് കുറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.