നൂതന നിര്‍ദേശങ്ങളുമായി എല്‍.ഡി.എഫ് കണ്ണൂര്‍ മണ്ഡലം പ്രകടന പത്രിക

കണ്ണൂര്‍: ഗതാഗത സൗഹൃദവും ശുചിത്വ നഗരവുമായി കണ്ണൂരിനെ മാറ്റുമെന്ന് എല്‍.ഡി.എഫ് വാഗ്ദാനം. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി എല്‍.ഡി.എഫ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പ്രകടന പത്രികയാണ് കണ്ണൂര്‍ നഗരത്തിന്‍െറ സമഗ്രമായ വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. കോര്‍പറേഷന്‍െറയും എം.പിയുടെയും സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് പ്രകടന പത്രികയിലൂടെ എല്‍.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശാസ്ത്രീയമായ ഗതാഗത സംവിധാനം ഒരുക്കും. കണ്ണൂര്‍-മട്ടന്നൂര്‍ റോഡ്, കണ്ണൂര്‍-കാപ്പാട്-മട്ടന്നൂര്‍ റോഡ് എന്നിവ വികസിപ്പിക്കും. പാപ്പിനിശ്ശേരി-മുഴപ്പിലങ്ങാട് ദേശീയപാതാ ബൈപാസ് യാഥാര്‍ഥ്യമാക്കും. താഴെചൊവ്വ സ്പിന്നിങ് മില്‍ മുതല്‍-സിറ്റി വഴി എസ്.എന്‍ പാര്‍ക്ക് റോഡിന് ബന്ധിപ്പിക്കുന്ന പാത നിര്‍മിക്കും. ചാലക്കുന്നില്‍നിന്ന് തോട്ടട ഐ.ടി.ഐ ഭാഗത്തേക്കും കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന്-ബാങ്ക് റോഡിലേക്കും മേല്‍പാലം നിര്‍മിക്കുന്നതിന് റെയില്‍വേയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം മെക്കാഡം ടാറിങ് നടത്തി വിപുലീകരിക്കും. തലശ്ശേരി-ചക്കരക്കല്ല്-മുണ്ടേരിക്കടവ്-പറശ്ശിനിക്കടവ് തീര്‍ഥാടന ഇക്കോ ടൂറിസം പാത സ്ഥാപിക്കാന്‍ മറ്റ് എം.എല്‍.എമാരുമായി സഹകരിച്ച് പദ്ധതി തയാറാക്കും. ടൗണ്‍ സ്ക്വയര്‍ മാസ്റ്റര്‍ പ്ളാന്‍ അംഗീകരിച്ച് നവീകരിക്കും. പയ്യാമ്പലം പാര്‍ക്കില്‍ വാട്ടര്‍ ഫൗണ്ടന്‍, ഗാലറി എന്നിവ നിര്‍മിക്കും. മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയ പയ്യാമ്പലം ശ്മശാനം സംരക്ഷണം, നവീകരണം, സൗന്ദര്യവത്കരണം നടത്തും. കണ്ണൂര്‍ നഗരത്തില്‍ കൈത്തറി മ്യൂസിയം സ്ഥാപിക്കും. മുണ്ടേരിക്കടവ് ജൈവവൈവിധ്യ പാര്‍ക്കായി ഉയര്‍ത്തും. കണ്ണൂര്‍ സ്പിന്നിങ് മില്‍ വികസിപ്പിക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ തേങ്ങ അധിഷ്ഠിത വ്യവസായ യൂനിറ്റ് ആരംഭിക്കാനാവശ്യമായ കോക്കനട്ട് പാര്‍ക്ക് സ്ഥാപിക്കും. തരിശായി കിടക്കുന്ന നെല്‍വയല്‍ മുഴുവന്‍ കൃഷിയോഗ്യമാക്കും. കൃഷി നടത്താത്ത ഒരു വീട് പോലും ഇല്ലാത്ത തരത്തില്‍ വ്യാപകമായ കാമ്പയിന്‍ ഏറ്റെടുക്കും. ദേശീയപാതയില്‍ ചാല ബൈപാസ് ഭാഗത്ത് ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. സ്കൂളുകളുടെ അക്കാദമിക്-ഭൗതിക സാഹചര്യം വര്‍ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തും. സര്‍ക്കാര്‍ കോളജ് മണ്ഡലത്തില്‍ സ്ഥാപിക്കും. കളിസ്ഥലങ്ങള്‍ മെച്ചപ്പെടുത്തും. കമ്യൂണിറ്റി പൊലീസ് സംവിധാനം തിരികെ കൊണ്ടുവരും-പ്രകടന പത്രിക പറയുന്നു. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് എ. പങ്കജാക്ഷന് നല്‍കി പ്രകടന പത്രിക പ്രകാശനം ചെയ്തു. എല്‍.ഡി.എഫ് നേതാക്കളായ എന്‍. ചന്ദ്രന്‍, യു. ബാബുഗോപിനാഥ്, വെള്ളോറ രാജന്‍, അശ്റഫ് പുറക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.