മട്ടന്നൂര്‍: മുന്നണികള്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞതോടെ പ്രചാരണ യോഗങ്ങള്‍ക്ക് സ്ഥലമില്ലാതെ മട്ടന്നൂര്‍. ഇതോടെ ബസ് സ്റ്റാന്‍ഡ് പരിസരം നിത്യ പ്രചാരണ വേദിയായി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ വിവിധ പാര്‍ട്ടികളുടെ ഒട്ടേറെ പരിപാടികളാണ് നഗരത്തില്‍ നടന്നത്. പരിപാടികള്‍ നടക്കാറുണ്ടായിരുന്ന മാര്‍ക്കറ്റ് പരിസരത്തെ സ്റ്റേജ് നിലനിന്ന സ്ഥലത്ത് നഗരസഭ പുതിയ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിച്ച സാഹചര്യത്തിലാണ് ചടങ്ങുകള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് മാറിയത്. ചില പാര്‍ട്ടികള്‍ പൊലീസ് സ്റ്റേഷനു പിറകുവശത്തെ പുതിയ ടാക്സി സ്റ്റാന്‍ഡ് നിര്‍മാണത്തിനുദ്ദേശിക്കുന്ന സ്ഥലത്ത് പൊതുയോഗം നടത്തിയെങ്കിലും അതതു കക്ഷികളുടെ പ്രതിനിധികള്‍ മാത്രമേ പ്രസംഗം ശ്രവിക്കാന്‍ എത്തിയിരുന്നുള്ളൂ. പരിസരം വൃത്തിയില്ലാത്തതിനാലും ജനങ്ങള്‍ എത്താത്തതിനാലും ഈ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. ചില മുന്നണികള്‍ ഓഡിറ്റോറിയത്തില്‍ പരിപാടി നടത്തിയെങ്കിലും ചൂടും പ്രതിധ്വനിയും ഉപേക്ഷിച്ചു. തുടര്‍ന്നാണ് പൊതുയോഗങ്ങള്‍ ബസ്സ്റ്റാന്‍ഡിലേക്കു തന്നെ മാറ്റിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡിനകത്തെ യോഗം ബസുകള്‍ക്ക് നിര്‍ത്തിയിടാന്‍ പ്രയാസം സൃഷ്ടിക്കുന്നതോടൊപ്പം വ്യാപാരികള്‍ക്കും യാത്രികര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നിലവിലെ സ്റ്റേജിനു പകരം സംവിധാനം ഒരുക്കാന്‍ നഗരസഭ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.