2000 കോടിയുടെ നഗര നവീകരണ പദ്ധതി

തലശ്ശേരി: 2000 കോടി രൂപയുടെ നഗര നവീകരണ പദ്ധതിയുമായി തലശ്ശേരി മണ്ഡലം യു.ഡി.എഫ് പ്രകടന പത്രിക. 1000 കോടി രൂപക്ക് കണ്ണൂര്‍ നഗരത്തിന് സിറ്റി ഇംപ്രൂവ്മെന്‍റ് പദ്ധതി തയാറാക്കി ഭരണാനുമതി വാങ്ങി ബജറ്റില്‍ പ്രഖ്യാപിച്ചശേഷമാണ് തലശ്ശേരിയിലേക്ക് വന്നതെന്ന് സ്ഥാനാര്‍ഥി എ.പി. അബ്ദുല്ലക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റോഡുകളും സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റുകളും നടപ്പാതകളും മത്സ്യ, മാംസ, പച്ചക്കറി മാര്‍ക്കറ്റുകളും ബി.ഒ.ടി അടിസ്ഥാനത്തിലുള്ള ബസ്സ്റ്റാന്‍ഡ്, ഫൈ്ള ഓവറുകള്‍, അണ്ടര്‍ പാസുകള്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി തയാറാക്കുക. ഇതുവരെ തലശ്ശേരി ഭരിച്ചവര്‍ പൈതൃക നഗരത്തെ പുരാതന നഗരമാക്കുകയാണ് ചെയ്തത്. ഒന്നര വര്‍ഷം കൊണ്ട് മാഹി-വളപട്ടണം നാലുവരിപ്പാത പൂര്‍ത്തിയാക്കും. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ സാധാരണക്കാരെയും പ്രമുഖ വ്യക്തികളെയും ഉള്‍പ്പെടുത്തി എം.എല്‍.എ റിലീഫ് ഫണ്ട് രൂപവത്കരിക്കും. പ്രവാസികള്‍ക്ക് ഏറെ സ്വാധീനമുള്ള നാടെന്ന നിലയില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്‍.ആര്‍.ഐ മീറ്റ് സംഘടിപ്പിക്കും. തലശ്ശേരിക്ക് ശാശ്വത സമാധാനം ലഭിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുമിപ്പിച്ചുകൊണ്ട് ബൂത്ത്തലങ്ങളില്‍ സ്നേഹസംഗമം സംഘടിപ്പിക്കും. തലശ്ശേരി ജനറല്‍ ആശുപത്രിയും അമ്മയും കുഞ്ഞും ആശുപത്രിയും കൂട്ടിച്ചേര്‍ത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കൊണ്ടുവരാന്‍ ശ്രമിക്കും. ഐ.എ.എസ് ട്രെയിനിങ് സെന്‍റര്‍, ഐ.ടി.ഐ, ഐ.ഐ.എം മാതൃകയില്‍ ബിസിനസ് സ്കൂള്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍െറ പേരില്‍ അന്താരാഷ്ട്ര പഠനകേന്ദ്രം, എഡ്വേര്‍ഡ് ബ്രണ്ണന്‍െറ പേരില്‍ സാംസ്കാരിക കേന്ദ്രം എന്നിവ സ്ഥാപിക്കും. റെയില്‍വേ, സ്പോര്‍ട്സ്, ഫിഷറീസ് മേഖലകളിലും വികസനമത്തെിക്കുന്നതോടൊപ്പം തീരദേശ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. അക്രമ രാഷ്ട്രീയം കാരണമാണ് തലശ്ശേരിയിലെ ജനപ്രതിനിധികള്‍ക്ക് വികസനം കൊണ്ടുവരാനാവാതിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തലശ്ശേരിയില്‍ യു.ഡി.എഫിന് അനുകൂലമായ കാറ്റാണ്. സി.പി.എമ്മില്‍നിന്ന് കോണ്‍ഗ്രസിലത്തെിയ താങ്കള്‍ ഇനിയും കാലുമാറുമോ എന്ന ചോദ്യത്തിന് ബംഗാളിലെ സി.പി.എമ്മുകാര്‍ തന്‍െറ പാത പിന്തുടരുന്നുണ്ടെന്നായിരുന്നു മറുപടി. എന്‍. മഹമൂദ്, വി. രാധാകൃഷ്ണന്‍, ജോര്‍ജ് പീറ്റര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.