ആരാധനാ സ്ഥലങ്ങള്‍ തെരഞ്ഞെടുപ്പ്പ്രചാരണ വേദിയാക്കരുത്

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ആരാധനാസ്ഥലങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ളെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. ജാതിയുടെയും സമുദായത്തിന്‍െറയും പേരില്‍ വോട്ട് ചോദിക്കാനും പാടില്ല. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും ഒതുക്കിനിര്‍ത്തണം. മറ്റു കക്ഷികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്‍െറ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ് കക്ഷികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നതും ഒഴിവാക്കണം. ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്കരണം, സാമൂഹിക-ജാതി ഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റുചെയ്യുക തുടങ്ങിയ രീതികള്‍ അവലംബിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫിസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ട് ഒൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.