കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ കാരാക്കോട് പള്ളത്തുങ്കാല്‍ കുന്നിന്‍ മുകളില്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന വന്‍കിട സൗരോര്‍ജ പാര്‍ക്കിന്‍െറ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ വൈദ്യുതി ദൗര്‍ലഭ്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 500 കോടിയോളം രൂപ ചെലവഴിച്ച് 800 ഏക്കര്‍ പ്രദേശത്ത് ഊര്‍ജോല്‍പാദന പാര്‍ക്ക് സ്ഥാപിക്കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 25 സൗരോര്‍ജ പാര്‍ക്കുകളിലൊന്നാണ് കോട്ടപ്പാറ വെള്ളൂടക്കടുത്ത് പള്ളത്തുങ്കാലില്‍ നിര്‍മാണമാരംഭിച്ചത്. പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള തൂണുകളുടെ പ്രവര്‍ത്തനമാണ് നടക്കുന്നത്. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കുവേണ്ടി കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള ടെഹരി ഹൈഡ്രോ ഇലക്ട്രിക് ഡവലപ്മെന്‍റ് കോര്‍പറേഷനാണ് പദ്ധതിയുടെ നിര്‍മാണചെലവ് വഹിക്കുന്നത്. രൂപരേഖ തയാറാക്കിയതും ഇവരാണ്. ഡല്‍ഹി ആസ്ഥാനമായുള്ള ജാക്സന്‍ എന്‍ജിനീയറിങ് എന്ന സ്ഥാപനമാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. 50 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് കെ.എസ്.ഇ.ബി സ്ഥാപിക്കുന്ന സബ് സ്റ്റേഷന്‍ വഴി വിതരണം ചെയ്യാനാണ് പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച റിന്യുവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള എന്ന ഏജന്‍സിയാണ് സൗരോര്‍ജ പാര്‍ക്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക. ജില്ലയില്‍ പൈവളിഗെ, മീഞ്ച, കരിന്തളം എന്നിവിടങ്ങളിലും സൗരോര്‍ജ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന് സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരളയുടെ മേഖലാ ഓഫിസ് കാഞ്ഞങ്ങാട് സൗത്തില്‍ ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് ഇവിടെ ഉദ്യോഗസ്ഥരെ നിയമിച്ചത്. 2015ലാണ് കേന്ദ്രസര്‍ക്കാര്‍ സൗരോര്‍ജ ഉല്‍പാദന പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍െറ വ്യാപനം കുറക്കുക എന്ന ലക്ഷ്യത്തോടെയാണിത്. 2022 ഓടെ ഇവ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.