തൃക്കരിപ്പൂരില്‍ പ്രഫഷനല്‍ ഫുട്ബാള്‍ അക്കാദമി ആരംഭിക്കുന്നു

തൃക്കരിപ്പൂര്‍: ഐ.എസ്.എല്‍ കേരള ബ്ളാസ്റ്റേഴ്സ് താരം എം. മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂരില്‍ പ്രഫഷനല്‍ ഫുട്ബാള്‍ അക്കാദമി ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷം 170 പരിശീലന ദിനങ്ങളാണ് തൃക്കരിപ്പൂര്‍ ഫുട്ബാള്‍ അക്കാദമി വിഭാവനം ചെയ്യുന്നത്. എട്ടുമുതല്‍ പത്തു വയസ്സുവരെയുള്ള 30 കുട്ടികളെയാണ് ആദ്യ ബാച്ചില്‍ ഉള്‍പ്പെടുത്തുക. അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അക്കാദമി പരിശീലനം നല്‍കുക. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ അംഗീകാരമുള്ള പരിശീലകരുടെ സേവനവും അക്കാദമിക്ക് ലഭ്യമാക്കും. ഇതിനകം കേരള ഫുട്ബാള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തു. പ്രഥമ ബാച്ചിലെ അഞ്ചു കുട്ടികള്‍ക്ക് മികവിന്‍െറ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ് നല്‍കാനും തീരുമാനിച്ചു. രണ്ടുവര്‍ഷമാണ് പരിശീലന കാലാവധി. രണ്ടാംഘട്ടത്തില്‍ പത്തുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെ പരിശീലിപ്പിക്കും. 170 മുതല്‍ 180 ദിവസത്തെ പരിശീലനം നല്‍കുന്നതിനൊപ്പം മൂന്നുവര്‍ഷത്തിനകം പ്രഫഷനല്‍ ഫുട്ബാള്‍ ക്ളബിന് രൂപം നല്‍കാനും അക്കാദമിക്ക് പദ്ധതിയുണ്ട്. ഇതിനായി ഡി.എഫ്.എയുടെ ജില്ലാ ലീഗ് ഫുട്ബാളില്‍നിന്ന് ഉള്‍പ്പെടെ കളിക്കാരെ കണ്ടത്തെും. വിദഗ്ധ കളിക്കാരെയും പരിശീലകരെയും ഉള്‍പ്പെടുത്തി രക്ഷിതാക്കളെ കൂടി ഉദ്ദേശിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. മെഡിക്കല്‍ ക്ളാസ്, ഫിസിയോ തെറപ്പി, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലും അക്കാദമി ശ്രദ്ധ പതിപ്പിക്കും. തടിയന്‍ കൊവ്വല്‍ സിന്തറ്റിക് മൈതാനം, തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പരിശീലനം ഉദ്ദേശിക്കുന്നത്. ആദ്യകാല ഫുട്ബാള്‍ താരങ്ങളായ സി. അബ്ദുറഹ്മാന്‍, ടി. ബാലകൃഷ്ണന്‍, എം. ദാമോദരന്‍ എന്നിവരാണ് അക്കാദമിയുടെ സാങ്കേതിക ഉപദേഷ്ടാക്കള്‍. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ താരം എം. മുഹമ്മദ് റാഫി, വ്യവസായി എന്‍.കെ.പി. അബ്ദുല്‍അസീസ്, കെ.എഫ്.എ കേന്ദ്ര കമ്മിറ്റിയംഗം സി. ദാവൂദ്, അക്കാദമി സി.ഇ.ഒ. എം. അഹ്മദ് റാഷിദ്, വി.പി.പി. ശുഐബ്, എം. മഹറൂഫ് എന്നിവര്‍ പരിപാടി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.