ക്വാറി അവശിഷ്ടം നിരത്തി റോഡ് ടാറിങ് നടത്തുന്നതായി പരാതി

ചെറുപുഴ: മെറ്റലെന്ന വ്യാജേന കരിങ്കല്‍ ക്വാറിയിലെ അവശിഷ്ടങ്ങള്‍ നിരത്തി റോഡ് ടാറിങ് നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയോരത്തെ പ്രധാന റോഡുകളിലൊന്നായ പാടിയോട്ടുചാല്‍-പെരുമ്പടവ് റോഡിന്‍െറ നവീകരണത്തിനാണ് കരിങ്കല്‍ ക്വാറികളില്‍ നിന്നുള്ള ഉപയോഗശൂന്യമായ അവശിഷ്ടങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. പെരുമ്പടവ് മുതല്‍ തിമിരി വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരം വീതികൂട്ടി ടാറിങ് നടത്തുന്നതിന് മൂന്നു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ നടക്കേണ്ട ടാറിങ് പ്രവൃത്തിക്ക് തെരഞ്ഞെടുപ്പ് തിരക്കുമൂലം വകുപ്പു ജീവനക്കാരുടെ സാന്നിധ്യമുണ്ടാകുന്നില്ല. ഇത് മുതലെടുത്താണ് കരാറുകാര്‍ കരിങ്കല്‍ ചീളുകളും പൊടിയും നിറഞ്ഞ ക്വാറി അവശിഷ്ടങ്ങള്‍ റോഡില്‍ നിരത്തി പ്രവൃത്തി നടത്തുന്നത്. രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ റോഡ് വീതികൂട്ടല്‍ പ്രവൃത്തി നടത്തിക്കഴിഞ്ഞു. മറ്റ് ഭാഗങ്ങളില്‍ ഉപയോഗിക്കുന്നതിന് ലോഡ് കണക്കിന് ഇത്തരം അവശിഷ്ടം കൊണ്ടിട്ടിട്ടുണ്ട്. ഒന്നര ഇഞ്ച് ബോളര്‍ നിരത്തി റോഡ് ഉറപ്പിച്ചതിനുശേഷം അര ഇഞ്ച് മെറ്റലും പിന്നീട് ചിപ്സും നിരത്തി ഉറപ്പിച്ചാണ് ടാറിങ് പൂര്‍ത്തിയാക്കേണ്ടത്. പലപ്പോഴും മലയോരത്ത് ഇത്തരത്തില്‍ ടാറിങ് നടക്കാറേയില്ല. അതുകൊണ്ടുതന്നെ അടുത്ത മഴക്കുതന്നെ റോഡ് തകരുകയും ചെയ്യും. തിരുമേനി, പ്രാപ്പൊയില്‍, മഞ്ഞക്കാട്, ചെറുപുഴ, ചിറ്റാരിക്കാല്‍, ഭീമനടി, വെള്ളരിക്കുണ്ട്, പാടിയോട്ടുചാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് തളിപ്പറമ്പ്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗമെന്ന നിലയില്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് പൂര്‍ണമായി തകര്‍ന്നതിനാല്‍ പലരും ഇതുവഴിയുള്ള യാത്ര ഒഴിവാക്കിയിരുന്നു. പ്രവൃത്തി നിശ്ചിത ഗുണനിലവാരത്തില്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.