വിടവാങ്ങിയത് കടന്നപ്പള്ളിയുടെ ജനകീയ ഡോക്ടര്‍

പയ്യന്നൂര്‍: കടന്നപ്പള്ളി ചന്തപ്പുരയില്‍ ഞായറാഴ്ച വിടവാങ്ങിയത് നാടിന്‍െറ ജനകീയ ഡോക്ടര്‍. സേവന രംഗത്ത് പുതിയ മാതൃക തുറന്നതോടൊപ്പം ഹോമിയോപതിയെ ജനകീയമാക്കുക കൂടി ചെയ്ത ഡോ. അബ്ദുറഹ്മാന്‍െറ വിയോഗം കടന്നപ്പള്ളിക്ക് ദു:ഖത്തിന്‍െറ ഞായറാഴ്ചയാണ് സമ്മാനിച്ചത്. ഹോമിയോപതി ചികിത്സയുടെ ആചാര്യന്‍ ഡോ. ഹാനിമാന്‍െറ ജന്മദിനവും ലോക ഹോമിയോപതി ദിനവുമായ ഏപ്രില്‍ 10നു തന്നെയാണ് ഡോ. അബുറഹ്മാന്‍െറ വിയോഗമെന്നതും യാദൃശ്ചികമായി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കടന്നപ്പള്ളിയുടെയും സമീപ ഗ്രാമങ്ങളുടെയും ചികിത്സാ മേഖലയില്‍ ഡോക്ടര്‍ സജീവ സാന്നിധ്യമാണ്. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ എന്നതിലുപരി ഏത് സമയത്തും ഡോക്ടറുടെ ചന്തപ്പുരയിലെ വീടിന്‍െറ വാതില്‍ മുട്ടിവിളിക്കാം.വേണമെങ്കില്‍ വീട്ടിലത്തെിയും ചികിത്സ നല്‍കാന്‍ ഡോ. അബ്ദുറഹ്മാന്‍ തയാറായിരുന്നു. അലോപതി ചികിത്സ അധികം പ്രചരിക്കാത്ത ഗ്രാമത്തില്‍ ജാതിമത ഭേദമന്യേ ആയിരങ്ങളാണ് ഡോ. അബ്ദുറഹ്മാന്‍െറ കൈപുണ്യം അനുഭവിച്ചറിഞ്ഞത്. ചന്തപ്പുരയിലെ ഓടുമേഞ്ഞ പഴയ കെട്ടിടം പണക്കാരനെന്നോ പാവപ്പെട്ടവനോ എന്ന ഭേദമില്ലാതെ എല്ലാവര്‍ക്കും വേണ്ടി തുറന്നുകിടന്നിരുന്നു. ബാല ചികിത്സയിലും മറ്റും ഏറെ പ്രശസ്തമായിരുന്നു ഡോ. അബ്ദുറഹ്മാന്‍െറ കഴിവ്. പരിശോധനയും മരുന്നും ഇവിടെ നിന്നും ലഭിച്ചിരുന്നു. ഡോക്ടര്‍ സ്ഥലത്തുണ്ടെങ്കില്‍ ഒരു രോഗിക്കും മടങ്ങിപ്പോകേണ്ടി വരാറില്ല. മരണവാര്‍ത്തയറിഞ്ഞപ്പോള്‍ നൂറുകണക്കിന് നാട്ടുകാരാണ് ചന്തപ്പുരയില്‍ എത്തിയത്. ഖബറടക്ക ചടങ്ങിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.