കണ്ണൂര്‍: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്‍െറ ഞെട്ടലില്‍ കണ്ണൂര്‍ ജില്ലയും. കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഏതാനും ദിവസം മുമ്പുണ്ടായ നാടിനെ ഞെട്ടിച്ച സ്ഫോടനം ഇപ്പോഴും ജനങ്ങള്‍ മറന്നു തുടങ്ങിയിട്ടില്ല. ആള്‍നാശം ഉണ്ടായിട്ടില്ളെങ്കിലും സംഭവത്തില്‍ പരിക്കേറ്റ ഹിബ (13) ഇപ്പോഴും ചികിത്സയിലാണ്. കൊല്ലം പരവൂര്‍ ദുരന്തവാര്‍ത്ത അറിഞ്ഞതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി രാഷ്ട്രീയ നേതൃത്വങ്ങള്‍ ദു:ഖത്തില്‍ പങ്കാളികളായി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ധര്‍മടം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍, മട്ടന്നൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജന്‍, കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്‍റുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ഞായറാഴ്ച രാവിലെ കൊല്ലത്തേക്ക് തിരിച്ചു. ദുരന്തത്തിലുള്ള ദു:ഖസൂചകമായി ജില്ലയില്‍ യു.ഡി.എഫ് നടത്താനിരുന്ന കണ്ണൂര്‍, അഴീക്കോട്, ധര്‍മടം, മട്ടന്നൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാറ്റിവെച്ചു. ജില്ലയില്‍ ഞായറാഴ്ച നടത്താനിരുന്ന മുഴുവന്‍ പരിപാടികളും ദു:ഖസൂചകമായി നിര്‍ത്തിവെച്ചതായി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ പറഞ്ഞു. പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ ഇരുനിലവീട് തകര്‍ന്നടിയുന്നതിനും ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്ത സ്ഫോടനത്തിനിടയാക്കിയത് അനധികൃത പടക്കശേഖരമായിരുന്നു. ഉത്സവങ്ങളും വിഷു വിപണിയും ലക്ഷ്യമാക്കി നിര്‍മിച്ച പടക്കശേഖരം പൊട്ടിത്തെറിച്ചത് 65ഓളം വീട്ടുകാരെയാണ് കണ്ണീരിലാഴ്ത്തിയത്. മൂന്നുകിലോ മീറ്റര്‍ ചുറ്റളവില്‍ സ്ഫോടനം പ്രകമ്പനം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.