സി.പി.എം പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞ് ആക്രമിച്ചു; ബൈക്ക് കത്തിച്ചു

കണ്ണൂര്‍: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി നാലംഗസംഘം ആക്രമിച്ചു. ബൈക്കിന് തീയിട്ടു. ആറ്റടപ്പ ദിനേശ് ബീഡിക്ക് സമീപത്തെ നമ്പൂരിക്കുണ്ടില്‍ ഒ.പി. റെജിലിന് (29) നേരെയാണ് ആക്രമണമുണ്ടായത്. സി.പി.എം എടക്കാട് നോര്‍ത് ലോക്കല്‍ കമ്മിറ്റിയംഗമാണ്. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ചാല സാധു പാര്‍ക്കിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തിയ സംഘം ഇരുമ്പുവടി ഉപയോഗിച്ച് റെജിലിനെ ആക്രമിക്കുകയായിരുന്നു. അടികൊണ്ട് ഹെല്‍മറ്റ് തകര്‍ന്നു. തുടര്‍ന്ന് വാളുപയോഗിച്ച് വെട്ടാന്‍ ശ്രമിക്കവെ സമീപത്തെ വീട്ടില്‍ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. ബഹളംകേട്ട് സമീപവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം ബൈക്കിന്‍െറ പെട്രോള്‍ ടാങ്കിന് തീയിട്ടിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ തീയണച്ചതിനാല്‍ ബൈക്ക് പൂര്‍ണമായും കത്തിയില്ല. പരിക്കേറ്റ റജിലിനെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിട്ടിയില്‍ നിന്നുള്ള മൂന്നുലക്ഷം രൂപ കൈയിലുണ്ടായിരുന്നുവെന്നും അത് സംഘം തട്ടിയെടുത്തെന്നും റെജില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.