ബസ് പണിമുടക്ക്: കണ്ണൂരില്‍ ജനജീവിതം ദുസ്സഹമായി

കണ്ണൂര്‍: ബസ് പണിമുടക്കിനെ തുടര്‍ന്ന് ജില്ലയില്‍ ജനജീവിതം ദുസ്സഹമായി. ഓഫിസുകളിലും സ്ഥാപനങ്ങളിലും ഹാജര്‍ നില കുറവായിരുന്നു. പല ഓഫിസുകളിലും ജീവനക്കാര്‍ വൈകിയത്തെുകയും നേരത്തേ മടങ്ങുകയും ചെയ്തു. ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാരായിരുന്നു സമരത്തിന്‍െറ തീക്ഷ്ണത ഏറെ അനുഭവിച്ചത്. പലര്‍ക്കും ജോലിക്കു പോകാന്‍ കഴിഞ്ഞില്ല. ജില്ലയിലെ മിക്ക റൂട്ടുകളിലും കൂടുതലും പ്രൈവറ്റ് ബസുകളാണ് സര്‍വിസ് നടത്തുന്നതെന്നതിനാല്‍ പ്രതിസന്ധി കൂടുതലായി. മലയോര മേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകളുടെ എണ്ണം കുറവായതും ജനങ്ങളെ ബാധിച്ചു. സര്‍വിസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നുതിരിയാനിടമില്ലാത്ത തിരക്കായിരുന്നു. സമരം മുതലെടുത്ത് സമാന്തര സര്‍വിസ് നടത്തിയവരും സാധാരണക്കാരെ പിഴിഞ്ഞു. ബസിന് നല്‍കുന്നതിന്‍െറ നാലിരട്ടിവരെ പണം ഈടാക്കിയാണ് ജീപ്പുകള്‍ സര്‍വിസ് നടത്തിയത്. ദേശസാത്കൃത റൂട്ടുകളിലെ യാത്രക്കാര്‍ മാത്രമാണ് ദുരിതത്തില്‍നിന്ന് ഒഴിവായത്. രണ്ടായിരത്തോളം ബസുകള്‍ നിരത്തിലിറങ്ങിയില്ളെങ്കിലും നഗരവീഥികള്‍ ബൈക്കുകളും സ്കൂട്ടറുകളും ചെറുകാറുകളും കൊണ്ടുനിറഞ്ഞു. കണ്ണൂര്‍ നഗരത്തില്‍ പല സമയത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബസുകളില്ലാത്തതിനാല്‍ പലരും കാറുകളും ബൈക്കുകളും ഉപയോഗിച്ചതായിരുന്നു ഇതിനു കാരണം. അന്യ ജില്ലകളില്‍ നിന്ന് സര്‍വിസ് നടത്തുന്ന ബസുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. അതേസമയം, ഇന്നലെ നടന്ന ചര്‍ച്ചയിലും സമവായമുണ്ടാകാതിരുന്നതോടെ സമീപകാലത്തെ വലിയ ബസ് പണിമുടക്കിലേക്കാണ് ജില്ല നീങ്ങുന്നത്. ബുധനാഴ്ച ജില്ലാ ലേബര്‍ ഓഫിസില്‍ കോഴിക്കോട് റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധാനംചെയ്ത് കെ.പി. സഹദേവന്‍, പി.വി. കൃഷ്ണന്‍, പി. ചന്ദ്രന്‍, കെ. ജയരാജന്‍, പി. സൂര്യദാസ്, കെ.പി. രമേശന്‍, താവം ബാലകൃഷ്ണന്‍, എന്‍. പ്രസാദ്, മുസമ്മില്‍ കോറോം, അബ്ദുല്‍ മജീദ്, വി. മണിരാജ്, സത്യന്‍ കൊമ്മേരി, പി.കെ. പവിത്രന്‍, എം.സി. സുബ്രഹ്മണ്യന്‍, സി.കെ. ശശികുമാര്‍, എം.സി. പവിത്രന്‍, കെ.കെ. ശ്രീജിത്ത് തുടങ്ങിയവരും ബസുടമകളെ പ്രതിനിധാനംചെയ്ത് വി.ജെ. സെബാസ്റ്റ്യന്‍, കെ. രാജ്കുമാര്‍, പി.കെ. പവിത്രന്‍, സി.എം. സജീവന്‍, കെ.പി. മോഹനന്‍, എം.കെ. പവിത്രന്‍, കെ. ഗംഗാധരന്‍, എം.പി. വിജയന്‍, എം. രാഘവന്‍, എം.വി. വത്സലന്‍, പി. അജയകുമാര്‍, എം. പ്രശാന്ത് എന്നിവരും പങ്കെടുത്തു. സമരത്തിന്‍െറ ഭാഗമായി ബസ് തൊഴിലാളികള്‍ ഇന്നലെ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പഴയ ബസ്സ്റ്റാന്‍ഡില്‍ നടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. കെ. ജയരാജന്‍, പി.വി. കൃഷ്ണന്‍, കെ.കെ. നാരായണന്‍ എം.എല്‍.എ, താവം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.