കല്യാശ്ശേരിയില്‍ കോണ്‍ഗ്രസിന് കരുത്തരെ കണ്ടത്തൊനായില്ല

പഴയങ്ങാടി: ഹൈകമാന്‍ഡിന്‍െറ അംഗീകാരത്തോടെ ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും കല്യാശ്ശേരിയുടെ കാര്യത്തില്‍ തീരുമാനമാവാത്തത് മണ്ഡലത്തിലെ പ്രവര്‍ത്തകരെ ആലസ്യത്തിലാക്കുന്നു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനാര്‍ഥികളെ കണ്ടത്തെണമെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തീരുമാനമാവാത്തത്. കണ്ണൂരിലെ കോണ്‍ഗ്രസിന്‍െറ പടക്കുതിരയായി അറിയപ്പെട്ടിരുന്ന പരേതനായ എന്‍. രാമകൃഷ്ണന്‍െറ മകള്‍ അമൃത രാമകൃഷ്ണന്‍െറ പേര് ആദ്യ ലിസ്റ്റില്‍ കല്യാശ്ശേരിയില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിക്കൊപ്പം അമൃതക്കും ഡി.സി.സി ഓഫിസില്‍ സ്വീകരണം നല്‍കി. ഇതിന്‍െറ വാര്‍ത്തയും ഫോട്ടോയും അച്ചടിച്ച് വരുമ്പോഴേക്കും മണ്ഡലത്തില്‍ കൂടുതല്‍ കരുത്തുറ്റയാളെ കണ്ടത്തെണമെന്ന നിര്‍ദേശത്തോടെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് കല്യാശ്ശേരിയെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിച്ചിടുകയായിരുന്നു. ഗ്രൂപ്പും ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പും കളിച്ച് സ്ഥാനാര്‍ഥി പട്ടികയില്‍ കയറാന്‍ പഠിച്ചപണി മുഴുവനും നേതാക്കള്‍ പയറ്റുമ്പോഴാണ് കല്യാശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് കരുത്തരെ കണ്ടത്തൊന്‍ കഴിയാത്തത്. 2011ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ 29,946 വോട്ടിന്‍െറ ഭൂരിപക്ഷമാണ് സി.പി.എമ്മിലെ ടി.വി. രാജേഷ് നേടിയത്. തുടര്‍ന്നുവന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍, കാസര്‍കോടിന്‍െറ ഭാഗമായ കല്യാശ്ശേരിയില്‍ ഇടതുസ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 22,782 ആയി കുറക്കാന്‍ യു.ഡി.എഫിന് സാധിച്ചു. ഈ സാഹചര്യത്തിലാണ് ഇവിടെ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി അങ്കം കുറിക്കണമെന്ന അഭിപ്രായം യു.ഡി.എഫിന്‍െറ താഴെതട്ടില്‍ നിന്നടക്കം ഉയര്‍ന്നത്. എന്നാല്‍, സീറ്റിനായി നേതാക്കള്‍ കളി പലതും കളിക്കുമ്പോഴും ആര്‍ക്കും കല്യാശ്ശേരി വേണ്ടെന്നതാണ് കോണ്‍ഗ്രസിലെ അവസ്ഥ. ഇടതുപക്ഷ സ്ഥാനാര്‍ഥി ടി.വി. രാജേഷ് കല്യാശ്ശേരിയിലെ യു.ഡി.എഫ് കോട്ടകളായ പഞ്ചായത്തുകളില്‍ ദിവസങ്ങളായി വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള പ്രചാരണത്തിലാണ്. ബി.ജെ.പി സ്ഥാനാര്‍ഥി കെ.പി. അരുണ്‍കുമാറും പ്രചാരണം തുടങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സൈനുദ്ദീന്‍ കരിവെള്ളൂരും രംഗത്തുണ്ട്. തൊട്ടടുത്ത മണ്ഡലമായ അഴീക്കോട് കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഗോദയായി മാറിയതോടെ ഈ മേഖലയില്‍ ശക്തമായ പ്രചാരണ പരിപാടികളുമായി ഇരുവിഭാഗവും ഏറെ മുന്നിലുള്ളപ്പോഴാണ് കല്യാശ്ശേരിയില്‍ യു.ഡി.എഫ് ആലസ്യത്തിലാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.