തലശ്ശേരി: നിരവധി കേസുകളില്‍ പ്രതിയായ മോഷണ സംഘത്തലവന്‍ തലശ്ശേരിയില്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി കൊപ്ര ബിജു എന്ന രാജേഷാണ് (36) പിടിയിലായത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിലാണ് രാജേഷിന്‍െറ പേരില്‍ മോഷണക്കേസുകളുള്ളതെന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരിയിലെ ഒരു കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചശേഷം 2015 ഡിസംബറില്‍ പുറത്തിറങ്ങിയ രാജേഷ് മോഷണസംഘമുണ്ടാക്കി. ഐ.ജി ചമഞ്ഞ് പിടിക്കപ്പെട്ട എറണാകുളം സ്വദേശി നാരായണദാസ്, സുധീര്‍, ഫാന്‍റം പൈലി എന്നറിയപ്പെടുന്ന കൊല്ലം സ്വദേശി ഷാജി, കൊട്ടാരക്കരയിലെ രാഹുല്‍, കോഴിക്കോട് കൊടുവള്ളി സ്വദേശി നിസാര്‍ എന്നിവര്‍ ഇതിലുണ്ട്. നാരായണദാസിന്‍െറ വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍െറ പ്രവര്‍ത്തനം. വാടകക്കെടുത്ത ആഡംബര വാഹനങ്ങളിലുള്‍പ്പെടെ പകല്‍സമയങ്ങളില്‍ കറങ്ങുന്ന ഇവര്‍, വീടുകള്‍ നിരീക്ഷിച്ചശേഷം രാത്രി മോഷണത്തിനിറങ്ങും. ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു വീടുകള്‍, മുളന്തുരുത്തിയിലും കാഞ്ഞാറിലും ഒന്നുവീതം വീടുകള്‍ എന്നിങ്ങനെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഈ സംഘമായിരുന്നു. വാഹന നമ്പര്‍ പിന്തുടര്‍ന്നും മറ്റും സംഘാംഗങ്ങള്‍ ഓരോരുത്തരെയായി പൊലീസ് പിടികൂടിയതോടെ തലവനായ രാജേഷ് കണ്ണൂര്‍, ബംഗളൂരു, മംഗളൂരുവിലെ ധര്‍മസ്ഥല എന്നിവിടങ്ങളിലേക്ക് താവളം മാറി. വെള്ളിയാഴ്ച തലശ്ശേരിയില്‍ മോഷണ ഉദ്ദേശ്യത്തോടെ എത്തിയപ്പോഴാണ് സി.ഐ പി.എം. മനോജും സംഘവും പിടികൂടിയത്്. എ.എസ്.ഐമാരായ അജയകുമാര്‍, വേണുഗോപാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിജുലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനോദ്, സുജേഷ്, മനോജ് എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു. രാജേഷില്‍നിന്ന് മോഷണ മുതലായ ലാപ്ടോപ്പും കൈയുറയും ആയുധങ്ങളും പിടിച്ചെടുത്തു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.