കണ്ണൂര്‍ കോര്‍പറേഷന്‍ സംവരണ സീറ്റായി

കണ്ണൂര്‍: ഉത്തരമലബാറിലെ ആദ്യ കോര്‍പറേഷനായി മാറുന്ന കണ്ണൂരിലെ സംവരണ വാര്‍ഡുകള്‍ ഇന്നലെ കോഴിക്കോട് വെച്ച് നറുക്കെടുത്തപ്പോള്‍ പല പ്രമുഖരുടെയും തട്ടകം മാറിമറിയുന്ന നിലയിലായി. പകുതി വനിതാ സംവരണം എന്ന തത്വത്തില്‍ ആകെയുള്ള 55 സീറ്റില്‍ 28 വാര്‍ഡുകളാണ് വനിതാ സംവരണമായി നിശ്ചയിച്ചത്. 28ല്‍ രണ്ടെണ്ണം പട്ടികജാതി വനിതയാണ്. ശേഷിച്ച 27 ല്‍ ഒന്ന് പട്ടികജാതി ജനറല്‍ വാര്‍ഡുമാണ്. ബാക്കിയുള്ള 26 സീറ്റില്‍ കേന്ദ്രീകരിച്ചാണ് പുരുഷ നേതൃത്വം ആസന്നമായ തെരുപ്പില്‍ കപ്പായം തുന്നേണ്ടത്. കോര്‍പറേഷന്‍ തലത്തിലുള്ള സംവരണ സീറ്റ് നിശ്ചയം മുനിസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും കോര്‍പറേഷന്‍ വാര്‍ഡുകളില്‍ പ്രകടമായ മാറ്റമാണ് ഉണ്ടായത്. കണ്ണൂര്‍ മുനിസിപ്പല്‍ മേഖലയില്‍ പെടുന്ന 14 കോര്‍പറേഷന്‍ സീറ്റില്‍ എട്ടും വനിതകളാണ്. യു.ഡി.എഫിന്‍െറ മറ്റൊരു കോട്ടയായ പള്ളിക്കുന്ന് പഞ്ചായത്തിലെ ഏഴ് കോര്‍പറേഷന്‍ വാര്‍ഡില്‍ അഞ്ചും സംവരണത്തില്‍ കുടുങ്ങി. അതില്‍ ഒന്ന് പട്ടികജാതി വനിതയുമാണ്. അതേസമയം പുഴാതി പഞ്ചായത്തിലെ എട്ട് കോര്‍പറേഷന്‍ വാര്‍ഡില്‍ രണ്ടില്‍ മാത്രമേ സംവരണത്തിന്‍െറ നറുക്ക് വീണുള്ളൂ. ഇടത്മുന്നണിക്ക് മുന്‍തൂക്കമുള്ള എളയാവൂരിലെ ഒമ്പത് കോര്‍പറേഷന്‍ സീറ്റില്‍ ആറും വനിതയാണ്. ചേലോറ പഞ്ചായത്തിലെ എട്ടില്‍ മൂന്ന് മാത്രമാണ് സംവരണം. ഇടത്മുന്നണി കേന്ദ്രമായ എടക്കാട് പഞ്ചായത്തിലെ ഒമ്പത് കോര്‍പറേഷന്‍ സീറ്റില്‍ അഞ്ചും വനിതക്ക് നറുക്ക് വീണു. പ്രഥമ കോര്‍പറേഷന്‍ മേയറാവാനുള്ള പുരുഷന്‍മാരുടെ മോഹവും കണ്ണൂരില്‍ പൊലിയും. സംസ്ഥാനത്ത് നിലവില്‍ വനിതാ സംവരണമുള്ള തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവ സ്വാഭാവികമായും ജനറലാവുന്നതോടെ ശേഷിച്ച എറണാകുളത്തിനും തൃശൂരിനും ഒപ്പം കണ്ണൂരും വനിതാ മേയര്‍ സംവരണമാവേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.