മാടായിപ്പാറ ഫോട്ടോ–വാര്‍ത്താ പ്രദര്‍ശനം തുടങ്ങി

കണ്ണൂര്‍: മാടായിപ്പാറയുടെ ദൃശ്യസൗന്ദര്യവും സമരചരിത്രവും വിവരിക്കുന്ന പ്രദര്‍ശനത്തിന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ തുടക്കമായി. ഖനന കമ്പനി കാര്‍ന്ന് തീര്‍ത്തുകൊണ്ടിരിക്കുന്ന ജൈവ വൈവിധ്യങ്ങളുടെ അപാര ശേഖരമായ മാടായിപ്പാറയിലെ അപൂര്‍വ ദൃശ്യങ്ങളും കഴിഞ്ഞ 22 വര്‍ഷമായി പാറയുടെ സംരക്ഷണതിനായി നടത്തിവരുന്ന പോരാട്ടങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തകളുടെ പകര്‍പ്പുകളുമാണ് പ്രദര്‍ശനത്തിനുള്ളത്. എന്‍വയണ്‍മെന്‍റല്‍ കണ്‍സര്‍വേഷന്‍ ഗ്രൂപ്, മാടായിപ്പാറ സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഫോട്ടോ ജേണലിസ്റ്റായ റോജിത്ത് രവീന്ദ്രന്‍ പകര്‍ത്തിയ ചിത്രങ്ങളും 1993 മുതല്‍ പാറയുടെ സംരക്ഷണത്തിനായി നടത്തിവരുന്ന പോരാട്ടങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളുടെ പേപ്പര്‍ കട്ടിങ്ങുകളുമാണുള്ളത്. പ്രദര്‍ശനം കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.പി. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കെ.പി. നൂറുദ്ദീന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഒ. മോഹനന്‍, കെ. പ്രമോദ്, കെ.വി. രാമചന്ദ്രന്‍, സുധീര്‍ വെങ്ങര, രാമകൃഷ്ണന്‍ കണ്ണോം, കെ.പി. ചന്ദ്രാംഗദന്‍, പി. അബ്ദുല്‍ ഖാദര്‍, വി.പി. മുഹമ്മദലി മാസ്റ്റര്‍ മുട്ടം, അഡ്വ. നൗഷാദ് വാഴവളപ്പില്‍, പി. കുമാരന്‍ മാടായി എന്നിവര്‍ സംബന്ധിച്ചു. സി. നാരായണന്‍ സ്വാഗതവും ഇ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പ്രദര്‍ശനം സെപ്റ്റംബര്‍ 29ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.