പുതിയ കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാവണം –ജില്ലാ കലക്ടര്‍

കണ്ണൂര്‍: പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ലിഫ്റ്റ്, റാംപ്, ദിശാസൂചക ബോര്‍ഡുകള്‍ എന്നിവയൊക്കെ ഉണ്ടാക്കണം. റോഡുകളില്‍ ഫൂട്പാത്ത് നിര്‍മിക്കുമ്പോഴും ഇത്തരക്കാരെ പരിഗണിക്കണമെന്ന് പൊതുമരാമത്ത് ബില്‍ഡിങ്, എല്‍.എസ്.ജി.ഡി വിഭാഗങ്ങളോട് കലക്ടര്‍ നിര്‍ദേശിച്ചു. കണ്ണൂര്‍- മട്ടന്നൂര്‍ റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ആദ്യവാരം കുഴി അടക്കല്‍ ആരംഭിക്കുമെന്ന് പി.ഡബ്ള്യു.ഡി അധികൃതര്‍ മറുപടി പറഞ്ഞു. കണ്ണൂര്‍ മട്ടന്നൂര്‍ റോഡ് വികസന കാര്യത്തില്‍ കാഞ്ഞിരോട് ഭാഗത്തുള്ള കടക്കാരുമായി കലക്ടര്‍ സംസാരിക്കണമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. വിമാനത്താവളവുമായി ബന്ധപ്പെട്ട അനുബന്ധറോഡുകളുടെ വികസനത്തിനുള്ള എസ്റ്റിമേറ്റ് സര്‍ക്കാറിലേക്ക് അയച്ചിട്ടുണ്ടെന്ന് പി.ഡബ്ള്യു.ഡി അധികൃതര്‍ അറിയിച്ചു. വെള്ളൂര്‍ ചെറുപുഴ റോഡ് പാച്ച്വര്‍ക്ക് ചെയ്യാന്‍ ടെന്‍ഡര്‍ ആയെന്നും കുഴി അടക്കുന്ന പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും സി. കൃഷ്ണന്‍ എം.എല്‍.എയുടെ ചോദ്യത്തിന് അധികൃതര്‍ മറുപടി പറഞ്ഞു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കും. ജില്ലയിലെ മണലെടുപ്പിന് പല കടവുകളിലും അനുമതി നല്‍കാത്തതും കരിങ്കല്‍ ക്വാറികള്‍ സ്തംഭിച്ചതും കാരണം നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നില്ളെന്ന് സി. കൃഷ്ണന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക അനുമതി ലഭിക്കാത്തതിനാല്‍ ചില ഭാഗങ്ങളില്‍ മണല്‍ വാരല്‍ നടക്കുന്നില്ളെന്നും അനുമതിക്കായി ശ്രമിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ചിറ്റടിയിലെ 10 പട്ടികജാതി കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ മൂന്ന് സെന്‍റുകാര്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനം പുന:പരിശോധിച്ച് അവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ പട്ടയം നല്‍കും. കവ്വായി പുഴയില്‍ ഒരേ ഭാഗത്ത് നിന്നുതന്നെ സ്ഥിരമായി മണലെടുക്കുന്നത് പരിസരത്തെ ജലസ്രോതസ്സിനെ ബാധിക്കുന്നുവെന്ന പരാതി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ.എസ്.ടി.പി ജോലികളില്‍ പുരോഗതിയില്ളെന്ന് ടി.വി. രാജേഷ് എം.എല്‍.എ പറഞ്ഞു. പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കിയിട്ടും ഇലക്ട്രിക്കല്‍ ജോലികള്‍ വൈകുന്നത് മൂലം പിന്നീട് കുത്തിപ്പൊളിച്ച് വൃത്തികേടാക്കേണ്ടിവരുകയാണ്. എല്‍.എസ്.ജി.ഡി ജോലികള്‍ക്ക് ഭരണാനുമതിയായിട്ടും ടെന്‍ഡര്‍ നടപടികള്‍ ആവുന്നില്ല. ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജലവിതരണ പൈപ്പ് ലൈനുകളിലും ഒക്ടോബര്‍ 31നുള്ളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ എം.എല്‍.എയെ അറിയിച്ചു. കണ്ണൂര്‍ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ കുഴി അടച്ചുതീര്‍ത്തെന്നും ടാറിങ് നവംബര്‍ ആദ്യം ആരംഭിക്കുമെന്നും പി.ഡബ്ള്യു.ഡി അധികൃതര്‍ പറഞ്ഞു. ആറളം പുനരധിവാസ മേഖലകളിലെ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍ പറഞ്ഞു. യോഗത്തില്‍ അസി.കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.