തൊഴില്‍ സുരക്ഷ: പരിയാരത്ത് ഇടതുപക്ഷ ജീവനക്കാര്‍ സമരത്തിലേക്ക്

പിലാത്തറ: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ മുഴുവന്‍ ജീവനക്കാരുടെയും തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മെഡിക്കല്‍ കോളജ് എംപ്ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു) നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച രാവിലെ കോളജിനുമുന്നില്‍ ജീവനക്കാര്‍ സത്യഗ്രഹം നടത്തും. 1994ല്‍ സ്ഥാപനം നിലവില്‍വന്നതിനുശേഷം വിവിധ ഘട്ടങ്ങളിലായി സഹകരണ രജിസ്ട്രാറുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും മറ്റിതര അക്കാദമിക് ബോഡികളുടെയും നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ച് നിയമിതരായവരാണ് മുഴുവന്‍ ജീവനക്കാരും. ഇവരെ ഒഴിവാക്കുന്നത് അംഗീകരിക്കില്ല. മെഡിക്കല്‍ കോളജ്, ഡെന്‍റല്‍ കോളജ്, ഫാര്‍മസി കോളജ്, നഴ്സിങ് കോളജ്, നഴ്സിങ് സ്കൂള്‍, പബ്ളിക് സ്കൂള്‍, സഹകരണ ഹൃദയാലയ, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ എ.സി.എം.ഇയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ സ്ഥാപനങ്ങളില്‍ ജോലിക്കാരെ നിയമിക്കുന്നത് മേല്‍സ്ഥാപനമാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആശുപത്രിയില്‍ സഹകരണ രജിസ്ട്രാറുടെ അനുമതിപ്രകാരം 1026 തസ്തികകളുണ്ട്. ഇതില്‍ 986 ജീവനക്കാര്‍ മാത്രമാണുള്ളത്. അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി സുതാര്യമായാണ് നിയമനം നടത്തിയത്. പത്രപരസ്യം മുഖേനയറിഞ്ഞ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമിച്ചവരില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടവരുമുണ്ട്. പ്രബേഷന്‍ ഉള്‍പ്പെടെയുള്ള നിയമന മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കി ജോലി ചെയ്യുന്നവരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മാനേജ്മെന്‍റിനും സര്‍ക്കാറിനും ബാധ്യതയുണ്ടെന്നും നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നിലവാരം തകരാതെ കാത്തുസൂക്ഷിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.കെ. പത്മനാഭന്‍, പി. ബാലകൃഷ്ണന്‍, സീബാ ബാലന്‍, പി.ആര്‍. ജിജേഷ്, അജിത് മുണ്ടേരി, പി.വി. രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.