കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ രണ്ടാം കവാടത്തിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷന്‍ രണ്ടാം കവാടത്തില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്നും പൊലീസ് വന്‍ പിഴ ഈടാക്കി. 700 രൂപ തോതില്‍ 24 ബൈക്കുകളില്‍ നിന്നായി 16,800 രൂപയാണ് ട്രാഫിക് പൊലീസ് ഈടാക്കിയത്. രണ്ടാം കവാടത്തിലേക്കുള്ള റോഡിന്‍െറ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്. നോ പാര്‍ക്കിങ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ സ്ഥിരമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നുണ്ട്. രണ്ടാം കവാടത്തില്‍ പണം നല്‍കി പാര്‍ക്കു ചെയ്യുന്ന സ്ഥലത്ത് വണ്ടി വെക്കാന്‍ വയ്യാത്ത അവസ്ഥയാണെന്നും വേറെ എവിടെയാണ് വണ്ടി വെക്കുകയെന്നും യാത്രക്കാര്‍ ചോദിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളോ മേല്‍ക്കൂരയോ ഇവിടത്തെ പാര്‍ക്കിങ് കേന്ദ്രങ്ങളിലില്ല. നിലത്ത് കോണ്‍ക്രീറ്റ് ചെയ്യാത്തതിനാല്‍ മിക്കപ്പോഴും ചളിയിലാണ് വണ്ടി വെക്കുന്നത്. രാവിലെ വണ്ടി ഇവിടെ വെച്ച് വൈകീട്ട് എടുക്കുമ്പോഴേക്കും പക്ഷികളും മറ്റും കാഷ്ടിച്ച് വണ്ടി തൊടാന്‍ പോലും പറ്റാത്ത അവസ്ഥയായിരിക്കും. മാത്രമല്ല, കൂടുതല്‍ വണ്ടികള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സ്ഥലമില്ലാത്തതും ആളുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാല്‍, പരാതി പരിഹരിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കല്ളെന്നും അനധികൃത പാര്‍ക്കിങ്ങിനെതിരെയുള്ള നടപടി തുടരുമെന്നും ട്രാഫിക് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.