ഓണിയന്‍ പ്രേമന്‍ വധം: കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് കുടുംബാംഗങ്ങള്‍

കണ്ണൂര്‍: ചിറ്റാരിപ്പറമ്പിലെ സി.പി.എം പ്രവര്‍ത്തകന്‍ ഓണിയന്‍ പ്രേമനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്‍.എസ്.എസുകാര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ പ്രേമന്‍െറ കുടുംബം. യു.എ.പി.എ പ്രകാരം കേസെടുത്തിട്ടും കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസും ആര്‍.എസ്.എസ് നേതാക്കളും ഒത്തുകളിച്ചതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് അമ്മ കുഞ്ഞുമാതയും സഹോദരങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജാമ്യം പരിഗണിച്ചപ്പോള്‍ യു.എ.പി.എ പ്രകാരം വകുപ്പുള്ള കാര്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചില്ല. പ്രതികളെ സഹായിക്കുന്ന നിലപാടാണ് അന്വേഷണ സംഘത്തിന്‍േറത്. കതിരൂര്‍ മനോജ് വധക്കേസില്‍ നാല് ഡിവൈ.എസ്.പിമാരെ നിയമിച്ച് കാലാവധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പ്രേമന്‍ വധക്കേസില്‍ ഒരു ഡിവൈ.എസ്.പിയെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. അറസ്റ്റിലായ 10 പ്രതികള്‍ക്കും ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണ്. അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി സ്വതന്ത്ര ചുമതല നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രേമന്‍െറ സഹോദരങ്ങളായ രവീന്ദ്രന്‍, പ്രേമ, സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ. ധനഞ്ജയന്‍, മഹിള അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് കെ. ലീല, ടി. ബാലന്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.