അറവുശാലാ പദ്ധതി ഉപേക്ഷിക്കണം

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയുടെ കീഴില്‍ മരക്കാര്‍കണ്ടി വാര്‍ഡില്‍ ആരംഭിച്ച അറവുശാലാ പദ്ധതി ഉപേക്ഷിക്കണമെന്ന് അറവുശാലാ വിരുദ്ധസമിതിയും വിവിധ ദലിത് പൗരവകാശ സംഘടനാ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രത്തില്‍ അറവുശാല സ്ഥാപിക്കാന്‍ പഞ്ചായത്തിരാജ്-മുനിസിപ്പല്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല. 2002 മുതലുള്ള ജനങ്ങള്‍ എതിര്‍പ്പ് അവഗണിച്ചാണ് മുനിസിപ്പല്‍ അധികൃതര്‍ ജനവാസ കേന്ദ്രത്തില്‍ അറവുശാല നിര്‍മാണമാരംഭിച്ചത്. ഒട്ടേറെ മലിനീകരണ സാധ്യതയുള്ള അറവുശാലക്ക് തദ്ദേശസ്വയംഭരണ സംവിധാനത്തില്‍ നിന്നുള്ള ഫണ്ട് ശുചിത്വമിഷന്‍ നല്‍കുന്നുവെന്നതും വിരോധാഭാസമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. മാരക്കാര്‍കണ്ടിയില്‍ നിര്‍മാണം പൂര്‍ത്തിയായ പട്ടികജാതി ക്വാര്‍ട്ടേഴ്സിന്‍െറ തൊട്ടരികിലാണ് അറവുശാല വരുന്നത്. അറവുശാലയുടെ നിര്‍മാണത്തിന് സഹായകരമാകുന്ന എല്ലാവിധ നീക്കങ്ങളും ജില്ലാ ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്നുണ്ട്. നിര്‍ദിഷ്ട അറവുശാലയുടെ ചുറ്റുമതിലിനോട് ഒരു മീറ്റര്‍ മാത്രം അടുത്തായാണ് പട്ടികവിഭാഗക്കാര്‍ക്കുള്ള 56 ക്വാര്‍ട്ടേഴ്സ് പണിതിരിക്കുന്നത്. നിയമവിരുദ്ധമായി പണിയുന്ന അറവുശാലയുടെ പണിതീരുന്നത് വരെ ക്വാര്‍ട്ടേഴ്സില്‍ ഗുണഭോക്താക്കളെ എത്തിക്കാതെ ഭവനപദ്ധതി അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഭവനരഹിതരായ ദലിത് ജനവിഭാഗങ്ങളെ എത്രയും വേഗം ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുകയും അറവുശാലാപദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും സമരസമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് അനിശ്ചിതകാല സത്യഗ്രഹസമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 25ന് സമിതിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനും ചേരും. വാര്‍ത്താസമ്മേളനത്തില്‍ ദലിത് സംഘടനകളുടെ ഭാരവാഹികളായ എം. ഗീതാനന്ദന്‍, പ്രകാശന്‍ മൊറാഴ, അറവുശാല വിരുദ്ധസമിതി ഭാരവാഹികളായ കെ. നാസര്‍, കെ. പ്രദീപ് കുമാര്‍, മുഹമ്മദ് റാഫി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.