പോരാട്ടം നിലച്ചു; തെരഞ്ഞെടുപ്പ് ഗോദയില്‍ ഇനി നമ്പീശനില്ല

ശ്രീകണ്ഠപുരം: നാടിന്‍െറ വികസനത്തിനും നീതിക്കും വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുകയും തെരഞ്ഞെടുപ്പ് ഗോദയിലെ സാന്നിധ്യവുമായിരുന്ന നമ്പീശന്‍ ഇനിയില്ല. ശ്രീകണ്ഠപുരം നിടിയേങ്ങയിലെ വയക്കോത്ത് മഠത്തില്‍ നാരായണന്‍ നമ്പീശന്‍ (88) ആണ് പോരാട്ടം മതിയാക്കി കഴിഞ്ഞദിവസം മരണത്തിനു കീഴടങ്ങിയത്. സ്വത്തുവകകള്‍ തട്ടിയെടുത്ത് ഉപേക്ഷിച്ചെന്ന് കാണിച്ച് ബന്ധുക്കള്‍ക്കെതിരെ നമ്പീശന്‍ തുടങ്ങിയ പോരാട്ടം മരണംവരെയും തുടര്‍ന്നു. അധികാരിവര്‍ഗം കാണിച്ച അനീതിക്കെതിരെ നമ്പീശന്‍ എന്നും വാചാലനായിരുന്നു. നിടിയേങ്ങ ഭഗവതി ക്ഷേത്രത്തിനടുത്ത പ്ളാസ്റ്റിക് ഷീറ്റിട്ട കൂരയിലായിരുന്നു ഒറ്റക്ക് നമ്പീശന്‍െറ താമസം. അനീതിക്കെതിരെ പോരാടന്‍ വേണ്ടി തെരഞ്ഞെടുപ്പ് ഗോദയിലേക്കും ഇറങ്ങി. 1980ല്‍ ‘ഉദയസൂര്യന്‍’ ചിഹ്നത്തില്‍ ഇരിക്കൂര്‍ അസംബ്ളി മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ നമ്പീശന്‍ 82ലും 87ലും 91ലും 96ലും മത്സരിച്ചു. 1984ല്‍ കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലും പോരാട്ടത്തിനിറങ്ങി. അന്ന് എതിരാളികളായിരുന്ന കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനും സി.പി.എമ്മിലെ പാട്യം രാജനും മത്സരത്തില്‍നിന്നു പിന്മാറാന്‍ നമ്പീശനോട് അഭ്യര്‍ഥിച്ചിട്ടും കൂട്ടാക്കാതെ മത്സരിച്ച് നാലായിരം വോട്ടു നേടുകയും ചെയ്തു. ഒരിക്കല്‍പോലും കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയില്ളെന്ന സത്യം പറയാനും നമ്പീശന് മടിയുണ്ടായിരുന്നില്ല. കെട്ടിവെക്കാനുള്ള കാശ് ഇരട്ടിയാവുകയും വാര്‍ധക്യത്തിന്‍െറ അവശത ബാധിക്കുകയും ചെയ്തപ്പോഴാണ് നമ്പീശന്‍ അങ്കക്കളത്തില്‍നിന്നും പിന്മാറിയത്. അടുത്തകാലംവരെ പ്രായാധിക്യം നോക്കാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ മാലകെട്ടിയും ലോട്ടറി വില്‍പന നടത്തിയുമാണ് ജീവിതം തള്ളിനീക്കിയത്. വാര്‍ധക്യ പെന്‍ഷനു വേണ്ടി കയറിയിറങ്ങിയ ഓഫിസുകളില്‍നിന്നെല്ലാം അവഗണനയായിരുന്നു ലഭിച്ചത്. കുറച്ചുനാള്‍ അനാഥമന്ദിരത്തിലും കഴിയേണ്ടി വന്ന നമ്പീശനെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.