കെണിയൊരുക്കി അരോളി റോഡിലെ ഓവുചാല്‍

പാപ്പിനിശ്ശേരി: വേളാപുരം പാലത്തിനു സമീപം അരോളിയിലേക്കും പറശ്ശിനിക്കടവിലേക്കും പോകുന്ന റോഡിന്‍െറ ഇരുവശത്തും ഓവുചാല്‍ നിര്‍മാണത്തിനായി റോഡ് കീറിവെച്ചത് മരണക്കെണിയാകുന്നു. പൊതുമരാമത്ത് വകുപ്പിന്‍െറ അശാസ്ത്രീയ നടപടിയാണ് പ്രവൃത്തി മുടങ്ങാന്‍ കാരണം. ഇതേരീതിയില്‍ പ്രവൃത്തി മുന്നോട്ടുപോയാല്‍ റോഡിന് നിലവിലുള്ളതിനേക്കാള്‍ വീതി കുറയുമെന്നാണ് ഇപ്പോഴത്തെ കണ്ടത്തെല്‍. ആയതിനാല്‍ ഒരുഭാഗത്തു മാത്രം ഐറിഷ് ഡ്രെയിന്‍ എന്ന മാതൃകയില്‍ നിര്‍മിക്കുന്നതായിരിക്കും നല്ലതെന്നാണ് പുതിയ തീരുമാനം. ഇതിന്‍െറ ഭാഗമായാണ് പ്രവൃത്തി നിര്‍ത്തിവെച്ചത്. കാല്‍നട യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും റോഡരികിലെ കുഴി ഭീഷണിയാകുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഓവുചാലില്‍ വീണ് പരിക്കുപറ്റിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതും നിത്യസംഭവമാണ്. പൊതുമരാമത്ത് വകുപ്പിന്‍െറ കീഴിലുള്ള ദേശീയപാതയില്‍നിന്നും ആരംഭിക്കുന്ന റോഡ് നാലു കിലോമീറ്റര്‍ ദൂരം മെച്ചപ്പെടുത്തി മെക്കാഡം ചെയ്യുന്നതിന്‍െറ ഭാഗമായാണ് ഓവുചാല്‍ ജെ.സി.ബി ഉപയോഗിച്ച് കീറിയത്. ഒരു മീറ്ററിലധികം ആഴത്തിലുള്ള ഓവുചാല്‍ നാലു ദിവസംകൊണ്ട് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുമെന്നാണ് തീരുമാനിച്ചതെങ്കിലും പ്രവൃത്തിയില്‍ വരുത്തേണ്ട മാറ്റം തീരുമാനമാകാത്തതിനാല്‍ നീണ്ടുപോവുകയാണ്. വേളാപുരം മുതല്‍ നാലര കി.മീറ്റര്‍ നീളത്തിലാണ് റോഡ് ഉയര്‍ത്തി മെക്കാഡം ചെയ്യാന്‍ തീരുമാനമായത്. ബസുകളടക്കം നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. ഓവുചാല്‍ പണിയുന്നതിനായി കീറിവെച്ച ഭാഗത്ത് വാഹനങ്ങളുടെ ചക്രങ്ങള്‍ അമരുമ്പോഴും മഴവെള്ളം കുത്തിയൊഴുകുമ്പോഴും വശങ്ങള്‍ ഇടിഞ്ഞുവീഴുന്നു. വേണ്ടത്ര സുരക്ഷാമാര്‍ഗങ്ങളോ സൂചനാ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക (അടങ്കല്‍) 2.65 കോടി രൂപയാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഇത്തരം അനാസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.