കണ്ണൂര്‍ വിമാനത്താവളം: കുടിയിറക്ക് വിരുദ്ധ കര്‍മസമിതി യോഗം ഞായറാഴ്ച

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ റണ്‍വേ നീളം വര്‍ധിപ്പിക്കാന്‍ സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനവാസ മേഖലയായ കല്ളേരിക്കര, പാറാപ്പൊയില്‍, വായാന്തോട് പ്രദേശങ്ങളിലെ വീട്ടുടമകള്‍ രൂപവത്കരിച്ച കുടിയിറക്കു വിരുദ്ധ കര്‍മസമിതിയുടെ യോഗം ഞായറാഴ്ച കല്ളേരിക്കര എല്‍.പി സ്കൂളില്‍ ചേരും. റണ്‍വേയുടെ വടക്ക് കിഴക്ക് ഭാഗമായ ഈ പ്രദേശത്ത് നാലാംഘട്ടത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ നീക്കമുള്ള സാഹചര്യത്തിലാണ് സര്‍വേ നടത്താന്‍ സമ്മതിക്കില്ളെന്നു വ്യക്തമാക്കി പുതിയ കര്‍മസമിതി രൂപവത്കരിച്ചത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ സര്‍വേ നടത്താന്‍ സമ്മതിക്കില്ളെന്ന് കര്‍മസമിതി അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ഏതൊക്കെ സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍വേ നടത്താന്‍ സഹകരിക്കണമെന്ന് കഴിഞ്ഞദിവസം കിയാല്‍ അധികൃതര്‍ കര്‍മസമിതിയോട് അഭ്യര്‍ഥിച്ചിരുന്നു. റണ്‍വേ നീളം വര്‍ധിപ്പിക്കാന്‍ തെക്ക്-പടിഞ്ഞാറ് ഭാഗമായ കാനാട് പ്രദേശത്താണ് ഭൂമി ഏറ്റെടുക്കാന്‍ നീക്കമുള്ളതെന്നതിനാല്‍ കര്‍മസമിതി സമരത്തിന് അയവുവരുത്താന്‍ സാധ്യതയുള്ളതായി സൂചനയുണ്ട്. റണ്‍വേയുടെ വടക്കേയറ്റത്ത് വൈദ്യുതി വിതരണ മേഖലക്കായി 10.6 ഏക്കര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്നും ഇതില്‍ 28ഓളം കുടുംബങ്ങളാണ് കുടിയൊഴിയേണ്ടിവരുകയെന്നും കിയാല്‍ വ്യക്തമാക്കിയതായി അറിയുന്നു. ഈ സാഹചര്യത്തില്‍ വീട്ടുടമകളുടെ നിലപാട് അറിയാന്‍ വേണ്ടിയും ബോധവത്കരണത്തിനു വേണ്ടിയുമായിരിക്കും ഞായറാഴ്ചത്തെ യോഗത്തില്‍ മുന്‍തൂക്കം നല്‍കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.