വില ഉയരുമ്പോഴും കുരുമുളക് ഉല്‍പാദനം താഴോട്ട്

പയ്യന്നൂര്‍: കറുത്ത പൊന്നായ കുരുമുളകിന്‍െറ വില കുത്തനെ ഉയരുമ്പോള്‍ ഉല്‍പാദനവും കുത്തനെ കുറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉല്‍പാദന കുറവ് 35 ശതമാനമാണ്. സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകള്‍ നടത്തിയ പഠനത്തിലാണ് മോഹവിലക്കിടയിലും കറുത്തപൊന്നിന്‍െറ ഉല്‍പാദനം കുറയുന്നതായി കണ്ടത്തെിയത്. കണ്ണൂരിലാണ് ഏറ്റവും കുറവ് കണ്ടത്തെിയത്. 10 വര്‍ഷത്തിനിടയില്‍ ജില്ലയില്‍ കുറഞ്ഞത് 45 ശതമാനമാണ്. ഈ വര്‍ഷം അത് 50 ശതമാനമാകാന്‍ സാധ്യതയുള്ളതയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തോട്ടങ്ങളുടെ എണ്ണം കുറയുന്നതിനുപുറമെ ഈ വര്‍ഷത്തെ കാലാവസ്ഥയും കുരുമുളകിന് വില്ലനാവുകയാണ്. വേനല്‍മഴയുടെ ആധിക്യവും വിരിയുന്ന സമയത്തെ വെയിലുമാണ് ഉല്‍പാദനം കുത്തനെ കുറയാന്‍ കാരണമായത്. മിക്ക പ്രദേശങ്ങളിലും തോട്ടങ്ങള്‍ വിളവെടുപ്പുകഴിഞ്ഞ പ്രതീതിയാണ്. ഞാറ്റുവേല ചതിച്ചതാണ് കാരണം. 2003-04 വര്‍ഷത്തില്‍ 69015 ടണ്‍ കുരുമുളകാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിച്ചത്. 2012-13 വര്‍ഷത്തില്‍ അത് 46298 ആയി കുറഞ്ഞു. ഈവര്‍ഷം ഇതില്‍ വന്‍കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് കുരുമുളക് വിപണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കുരുമുളക് ഉല്‍പാദനത്തിലെ കുറവ് സംസ്ഥാനത്തിന്‍െറ വിദേശനാണ്യ വരവിന് വന്‍ തിരിച്ചടിയായി. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളിലും ഇടനാടന്‍ സമതലങ്ങളിലും വ്യാപകമായുണ്ടായിരുന്ന കുരുമുളക് തോട്ടങ്ങള്‍ റബര്‍ കൃഷിക്ക് വഴിമാറിയതാണ് ഉല്‍പാദനം കുത്തനെ കുറയാന്‍ മറ്റൊരു കാരണം. മലയോര ജില്ലകളായ ഇടുക്കിയും വയനാടും കഴിഞ്ഞാല്‍ കുരുമുളക് തോട്ടങ്ങളുടെ വിസ്തൃതിയിലും ഉല്‍പാദനത്തിലും മൂന്നാംസ്ഥാനത്തുണ്ടായരുന്ന കണ്ണൂര്‍ ഉല്‍പാദനം കുറഞ്ഞ് ഇപ്പോള്‍ അഞ്ചാംസ്ഥാനത്തേക്കു പോയി. കാലാവസ്ഥയിലുണ്ടായ മാറ്റം, മണ്ണിന്‍െറ ജൈവികശോഷണം, സസ്യപോഷക മൂലകങ്ങളുടെ വ്യതിയാനം, ശാസ്ത്രീയ കൃഷിരീതി അവലംബിക്കാത്തത്, വികലമായ ജൈവ, രാസവള പ്രയോഗം, പ്രായമേറിയതും ഉല്‍പാദനക്ഷമത കുറഞ്ഞതുമായ വള്ളികള്‍, രോഗകീടബാധ, വരള്‍ച്ച തുടങ്ങിയവയാണ് കുരുമുളക് കൃഷിയെ നാശത്തിലേക്കു നയിച്ചത്. ഭൂരിഭാഗം കൃഷിക്കാരും കുരുമുളകില്‍നിന്ന് വിടപറയാനുള്ള മുഖ്യകാരണം ദ്രുതവാട്ട രോഗമാണ്. ഈ കുമിള്‍രോഗം കൃഷിയെ അതിവേഗം തുടച്ചുനീക്കുന്നു. രോഗബാധ കണ്ടുകഴിഞ്ഞാല്‍ പിന്നീട് ചികിത്സയില്ല. പ്രതിരോധിക്കാന്‍ നേരത്തേ കണ്ടത്തെി ബോഡോ മിശ്രിതം തളിക്കുകയാണ് പ്രതിവിധി. എന്നാല്‍, കോപ്പര്‍ സള്‍ഫേറ്റ്, നീറ്റുകക്ക എന്നിവയുടെ വില വര്‍ധനയും ലഭ്യതക്കുറവും തയാറാക്കുന്നതിലെ സങ്കീര്‍ണതയും കൃഷിക്കാരെ പ്രതിരോധ നടപടിയില്‍നിന്ന് പിന്തിരിപ്പിക്കുന്നു. ശാസ്ത്രീയ പരീക്ഷണ ഫലങ്ങള്‍ കൃഷിക്കാരില്‍ എത്തുന്നതിലെ പോരായ്മകള്‍ പരിഹരിക്കാന്‍ 2014 ജൂണ്‍, ജൂലൈ മാസങ്ങളില്‍ പന്നിയൂര്‍ കൃഷിവിജ്ഞാന കേന്ദ്രം നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇതും ആരംഭശൂരത്വത്തില്‍ ഒതുങ്ങിയതായി ആക്ഷേപമുണ്ട്. വിജ്ഞാന കേന്ദ്രവും കോഴിക്കോട് അടക്ക സുഗന്ധവിള ഡയറക്ടറേറ്റും സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലാണ് പൈലറ്റ് പ്രോജക്ട് തുടങ്ങിയത്. എന്നാല്‍, ഇതിനുശേഷം മറ്റു പ്രദേശങ്ങളില്‍ ഇവ വ്യാപിച്ചില്ളെന്നതും തിരിച്ചടിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.