ശ്രീകണ്ഠപുരം: വീടിനു വായ്പ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ആദിവാസി ദമ്പതികളുടെ ഭൂമി പണയപ്പെടുത്തി കെ.എസ്.എഫ്.ഇയില്‍നിന്നും പണം തട്ടിയ കേസില്‍ ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി. തളിപ്പറമ്പ് ഡിവൈ.എസ്.പി എ. സുരേന്ദ്രനാണ് ശ്രീകണ്ഠപുരം കെ.എസ്.എഫ്.ഇയില്‍ എത്തി പരിശോധന നടത്തിയത്. നിടിയേങ്ങ തോപ്പിലായിയിലെ പെരിഞ്ചല്ലി സുലോചനയുടെയും ഭര്‍ത്താവ് രാജന്‍െറയും പരാതിയില്‍ ഇരിട്ടി പയഞ്ചേരി സ്വദേശി ജയപ്രസാദിനെതിരെയാണ് വഞ്ചനക്ക് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. പരാതിക്കാര്‍ ആദിവാസി വിഭാഗക്കാരായതിനാലാണ് കേസ് ഡിവൈ.എസ്.പി ഏറ്റെടുത്ത് അന്വേഷിക്കാന്‍ തുടങ്ങിയത്. സുലോചനയുടെയും രാജന്‍െറയും പേരില്‍ രണ്ടിടങ്ങളിലായി 28 സെന്‍റ് സ്ഥലമുണ്ട്. ഇവിടെ വീടുപണിയാന്‍ തുടങ്ങിയപ്പോള്‍ മുന്‍പരിചയം വെച്ച് രാജനെ സമീപിച്ച ജയപ്രസാദ് വീടിനു വായ്പ ശരിയാക്കിത്തരാമെന്നു പറഞ്ഞ് സ്ഥലത്തിന്‍െറ രേഖ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് നോട്ടറിയുടെ സഹായത്തോടെ പവര്‍ ഓഫ് അറ്റോര്‍ണി (മുക്ത്യാര്‍ ഏജന്‍റ്) നിര്‍മിക്കുകയും അതുവഴി സ്ഥലത്തിന്‍െറ രേഖ ശ്രീകണ്ഠപുരം കെ.എസ്.എഫ്.ഇ ബ്രാഞ്ച് ഓഫിസില്‍ ജയപ്രസാദിന്‍െറ ചിട്ടിയുടെ ഈടായി നല്‍കുകയുമാണുണ്ടായത്. ജയപ്രസാദ് വിളിച്ചെടുത്ത മൂന്നുലക്ഷം രൂപയുടെ ചിട്ടിക്കാണ് സുലോചന-രാജന്‍ ദമ്പതികളുടെ ഭൂമിയുടെ രേഖ അവരറിയാതെ ഈടായി സമര്‍പ്പിച്ചത്. കെ.എസ്.എഫ്.ഇയില്‍നിന്നും ജയപ്രസാദ് വിളിച്ചെടുത്ത മൂന്നുലക്ഷത്തിന്‍െറ ചിട്ടി തവണ കൃത്യമായി അടക്കുന്നതില്‍ വീഴ്ചവരുത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ചിട്ടി തവണ തിരിച്ചടവ് മുടങ്ങിയതിനാല്‍ കെ.എസ്.എഫ്.ഇയില്‍നിന്നും സുലോചനക്കും രാജനും നോട്ടീസ് അയച്ചു. അപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട കാര്യം അവര്‍ക്ക് മനസ്സിലായത്. തുടര്‍ന്നാണ് ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കിയത്. കെ.എസ്.എഫ്.ഇയില്‍നിന്ന് ഡിവൈ.എസ്.പി കഴിഞ്ഞ ദിവസം വൈകീട്ടോടെ രേഖകള്‍ പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പുവരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.